എന്തേ എല്ലാവരും നഗ്നരായത്‌?.

Friday, August 29, 2008

| | | 6 ഇതിനെ കുറിച്ചിങ്ങിനെ



നഗ്നതയാണെവിടെയും എന്ന പരാതി-
യുയര്‍ന്നതെവിടെ നിന്നെന്ന ചോദ്യം കാതില്‍
മുഴങ്ങിയത്‌ പള്ളിക്കൂടത്തിലേക്കുള്ള
യാത്രയിലായിരുന്നു. മധുരമിഠായി വില്‍ക്കുന്ന
പെട്ടിക്കടയുടെ ചിതലെടുത്ത പലകയില്‍
മൈദാപ്പശയില്‍ മുങ്ങിനില്‍ക്കുന്ന
മാദകനടിമാരുടെ ചിത്രമാണന്നേരം
കാഴ്‌ചയില്‍ പതിഞ്ഞതും കൗതുകം പകര്‍ന്നതും.
ഇന്റര്‍വെല്‍ സമയങ്ങളില്‍ വീണ്ടുമാ
പോസ്‌റ്ററില്‍ കണ്ണുകള്‍ കൗതുകം
തിരയവെ ചെവിയില്‍ മലയാളമധ്യാപകന്റെ
ചൂടുള്ള സമ്മാനം കിട്ടിയതെന്തിനെന്ന ചോദ്യത്തെ
ബാക്കിവച്ചു, ഒളികണ്ണെറിയുക മാത്രമാണ്‌
പിന്നീട്‌ ചെയ്‌തത്‌. കൗസല്യടീച്ചറും മീനാക്ഷി
ടീച്ചറും ധരിക്കുന്ന മുഴുനീളസാരിയില്‍ പോസ്‌റ്ററിലെ
കൗതുകം ദര്‍ശിക്കാതായപ്പോള്‍ മനസ്സ്‌
അസ്വസ്ഥമായിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തിന്‌
അമ്മയുടെ കൈയില്‍ നിന്ന്‌ തുടകളേറ്റുവാങ്ങിയ ചോരച്ചവരകള്‍
അതിര്‍വരമ്പിട്ടു. സ്‌കൂളില്‍ പോവുന്നതിതിനോ
അഹങ്കാരി?യെന്ന അലര്‍ച്ച മനസ്സില്‍ ഇടിമുഴക്കമായത്‌
പോസ്‌റ്ററിലെ കൗതുകത്തേക്കാളപ്പുറവും.
പോസ്‌റ്ററും മൈദാപ്പശയും ചിതലരിച്ച പലകയും
മനപ്പൂര്‍വമവഗണിച്ചു കടന്നുപോവുമ്പോള്‍
കൗതുകത്തിനറുതിയില്ലായിരുന്നു.
പാഠപുസ്‌തകങ്ങള്‍ക്കിടയില്‍ നാലായി മടക്കിയ
അശ്ലീലതകളുമായി സഹപാഠികളെത്തുമ്പോള്‍
കൗതുകം മൂര്‍ധന്യതയിലായിരുന്നു.
കാലചക്രം തിരിഞ്ഞകലുമ്പോഴും നഗ്നതയ്‌ക്ക്‌
പ്രഥമസ്ഥാനമായിരുന്നു നഗരങ്ങളിലെ മതിലുകളിലെല്ലാം.
എന്നാലപ്പോള്‍ ഞാന്‍ കൂടുതല്‍ മാന്യനായി.
കണ്ണുകള്‍ മൈദാപ്പശയും ചിതലരിച്ച പലകയും
മാദകമേനിയും പരതിനടന്നില്ല. നഗ്നതയാണെവിടെയും
എന്ന പരാതി ആരിലും ഉണര്‍ന്നില്ല.
നാലുചുവരുകള്‍ക്കുള്ളില്‍ വിരല്‍തുമ്പില്‍ മാറുന്ന
ചാനലുകളില്‍ സുന്ദരിമാര്‍ നഗ്നരായി അച്ഛനും അമ്മയ്‌ക്കും
കുട്ടികള്‍ക്കും മുമ്പില്‍ നിര്‍ബാധം നൃത്തമാടി.
ഭീമന്‍ സെര്‍ച്ചെഞ്ചിനുകള്‍ പകരുന്ന ഇ-നഗ്നതാ പ്രദര്‍ശനം
മറ്റാരുമറിയാതെ കുട്ടികള്‍ കിടപ്പുമുറിയില്‍ കാണുകയും
കൂടുതല്‍ മാന്യന്മാരാവുകയും ചെയ്‌തു. അവരുടെ
കൗതുകം അമ്മയ്‌ക്കും ടീച്ചറിനും മുമ്പിലെത്തിയില്ല.
അവരുടെ ചെവിയിലാരും പൊന്നീച്ച പാറിച്ചില്ല,
അവരുടെ തുടകളിലാരും ചോരച്ചപാടുകള്‍ വീഴിച്ചില്ല.
കാലം പിറകോട്ടുപോവുന്നതേ ഇല്ല. എന്നാല്‍ ഞാന്‍
ഉത്തരമില്ലാത്ത ഒരു ചോദ്യം എന്നോടുചോദിച്ചു
എന്തേ എല്ലാവരും നഗ്നരായത്‌?.

ഖുത്തുബുദ്ദീന്‍ അന്‍സാരിയെ ഓര്‍മിക്കുന്നുവോ നിങ്ങള്‍ ?

Tuesday, July 29, 2008

| | | 5 ഇതിനെ കുറിച്ചിങ്ങിനെ

ബോംബ്‌ ഭീഷണിയെത്തുടര്‍ന്ന്‌ കോഴിക്കോട്‌ മാത്തറ കാലിക്കറ്റ്‌ ഇസ്‌്‌ലാമിക്‌ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പോലിസെത്തിയപ്പോള്‍ വിതുമ്പുന്ന കുരുന്ന്‌. തേജസ്‌ ഫോട്ടോഗ്രാഫര്‍ എം ടി വിധുരാജ്‌ പകര്‍ത്തിയ ചിത്രം. ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും പിന്നിലൊക്കെ ഒളിച്ചിരിക്കുന്ന ലക്ഷ്യങ്ങള്‍ എന്താവാം...മാധ്യമങ്ങളില്‍ വളച്ചൊടിക്കുന്ന വാര്‍ത്തകളും കെട്ടിച്ചമക്കുന്ന ഹിമാലയന്‍ നുണകളും എത്രയെത്ര നിരപരാധികളെ വേട്ടയാടുന്നതിന്‌ കാരണമാവുന്നു. ഇവിടെയിതാ നിഷ്‌കളങ്കത തുളുമ്പുന്ന ഈ കുരുന്നിനെ നോക്കൂ. കളിയും ചിരിയും നിറഞ്ഞുനില്‍ക്കുന്ന സ്‌കൂളിന്റെ സമാധാന അന്തരീക്ഷത്തിലേക്ക്‌ അതീവ ജാഗ്രതയോടെ എത്തിയ പോലിസുകാരെ ഭീതിയോടെ നോക്കുകയാണിവര്‍. വ്യാജ വാര്‍ത്തകള്‍ സ്‌കൂളുകളിലേക്കും ആശുപത്രികളിലേക്കും വിളിച്ചു പറയുന്നവര്‍ക്ക്‌ രസം. അനുഭവിക്കുന്നവര്‍ക്കോ..?

Saturday, May 31, 2008

| | | 3 ഇതിനെ കുറിച്ചിങ്ങിനെ


രണ്ടുമാസക്കാലത്തെ ആഘോഷങ്ങള്‍ക്കു വിടപറഞ്ഞ്‌ ഒരു പക്ഷേ സന്തോഷത്തോടെ അല്ലെങ്കില്‍ നേര്‍ത്തവേദനയോടെ മഴയുടെ അകമ്പടിയോടെ അച്ചടിമഷിപുരണ്ട പുസ്‌തകത്തിന്റെ സുഗന്ധം ശ്വസിച്ച്‌, മഴത്തുള്ളിയെ ചുംബിച്ചു വേര്‍പെടുത്തുന്ന പുത്തന്‍കുടകള്‍, പുസ്‌തകസഞ്ചികള്‍,പുതിയകൂട്ടുകാര്‍, ക്ലാസ്‌റൂമുകള്‍......... തിരക്കുകളിലേക്ക്‌ യാത്രയാവുന്ന കുരുന്നുകള്‍ക്ക്‌ ആശംസകള്‍ നേര്‍ന്ന്‌..കടമെടുത്തു പോസ്‌റ്റുകയാണീ ചിത്രം. കണ്ടപ്പോള്‍ തോന്നിയ കൗതുകം അവിശ്വസനീയതക്കു വഴിമാറി. നീലാകാശം, ഇരുണ്ട രൂപങ്ങള്‍ പ്രതിബിംബിക്കുന്ന വളരെ വളരെ മനോഹരമായ ഈ ചിത്രം നിങ്ങള്‍ക്കു സമര്‍പ്പിക്കട്ടെ.
| | | 0 ഇതിനെ കുറിച്ചിങ്ങിനെ

ചീപ്പില്ല കണ്ണാടി വേണോ?

Monday, May 26, 2008

| | | 2 ഇതിനെ കുറിച്ചിങ്ങിനെ

കാലം അത്ര പഴയതൊന്നുമല്ല. എന്നാല്‍ ഏറെക്കുറേ എന്റെ ഓര്‍മകളില്‍ നിന്ന്‌ അപ്രത്യക്ഷമായ ഒരു സംഭവമാണിത്‌. എപ്പോഴൊക്കെയോ ഞാനെഴുതിയും പറഞ്ഞും പലരെയും ബോറടിപ്പിച്ച പ്ലസ്‌ടു പഠനകാലം തന്നെയാണ്‌ ഈ സംഭവത്തിന്റെയും ആധാരം. 2000- 2001 വര്‍ഷം; അപരിചിതത്വത്തിന്റെ സംഭ്രമത്തില്‍ നിന്ന്‌ അടിച്ചുപൊളിയുടെ ലോകത്തേക്ക്‌ കാലൂന്നുന്ന കാലം. പലേടങ്ങളില്‍ നിന്നും എത്തിയവരില്‍ ഒരേ മനോഭാവമുള്ളവര്‍ പുതിയൊരു സൗഹൃദവലയത്തിനു തുടക്കമിട്ടു കഴിഞ്ഞിരുന്നു അപ്പോഴേക്കും. ക്ലാസ്‌ റൂമുകളിലെ അലമ്പുകളില്‍, ക്ലാസ്‌ കട്ടുചെയ്‌തു സിനിമക്കു പോവുന്നതില്‍, പരീക്ഷ ബഹിഷ്‌ക്കരിക്കുന്നതില്‍ അങ്ങനെ എല്ലാ കാര്യങ്ങളിലും സമാനത പുലര്‍ത്തുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. ഒരു കാര്യത്തില്‍ ഒഴികെ. വീട്ടില്‍ നിന്ന്‌ രക്ഷാകര്‍ത്താവിനെ വിളിക്കാന്‍ പറയുമ്പോള്‍ മാത്രമായിരുന്നത്‌. എങ്കിലും പ്രിന്‍സിപ്പാളിന്റെ ചീത്ത തലതാഴ്‌ത്തി നിന്നു കേട്ടും വീട്ടുകാരെ വിളിപ്പിച്ചും പല സമയങ്ങളിലായി ക്ലാസ്‌ റൂമില്‍ എത്താന്‍ ഞങ്ങള്‍ ശ്രദ്ധ പുലര്‍ത്തി പോന്നു. മാസാവസാനങ്ങളിലും പാര്‍ട്ടുകളുടെ അന്ത്യങ്ങളിലും പരീക്ഷകള്‍ ഇടുമ്പോള്‍ ഉത്തരങ്ങള്‍ വീട്ടില്‍ നിന്നെഴുതി കൊണ്ടുവരുന്ന ശീലം അറിയാതെയെങ്കിലും രക്തത്തില്‍ ലയിച്ചു ചേര്‍ന്നവരും സുഹൃത്തുക്കളില്‍ ഉണ്ടായിരുന്നെങ്കിലും ഒരു ഇറക്കിവിടല്‍ സംഭവിക്കുന്നതു വരെ എനിക്ക്‌-ഞങ്ങള്‍ക്ക്‌ അതിനോട്‌ എതിര്‍പ്പുണ്ടായിരുന്നില്ല. ഇക്കോണമിക്‌സ്‌ പരീക്ഷയുടെ ദിവസമായിരുന്നു അന്ന്‌. പഠിക്കാത്തവര്‍ പരീക്ഷ എഴുതേണ്ടെന്ന ടീച്ചറിന്റെ പ്രസ്‌താവന ഏറ്റെടുത്തത്‌ ഐകകണേ്‌ഠ്യന ആയിരുന്നു. എന്നാല്‍ ഒരാള്‍ മാത്രം ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ഒഴിഞ്ഞു നിന്നു. വെള്ളപേപ്പറെടുത്ത്‌ അവന്‍ എഴുതിത്തുടങ്ങി. ഓവറുകളുടെയും റണ്‍സിന്റെയും വിക്കറ്റിന്റെയും അകമ്പടിയോടെ അവന്‍ ഉത്തരക്കടലാസില്‍ കുത്തിക്കുറിക്കുന്നത്‌ സചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക്‌ നയിക്കുന്ന സാങ്കല്‍പ്പിക ക്രിക്കറ്റ്‌ മല്‍സരമായിരുന്നു. ഞങ്ങള്‍ പരീക്ഷ ബഹിഷ്‌ക്കരിച്ചത്‌ പഠിക്കാത്തതുകൊണ്ടും അവന്‍ പരീക്ഷ "എഴുതിയതു" പഠിക്കാത്തതു കൊണ്ടും. അവര്‍ കഴിഞ്ഞതറിയിച്ച്‌ മണി മുഴങ്ങി. നേരത്തേ എഴുതി തയ്യാറാക്കിയ പേപ്പര്‍ വളരെ മാന്യതയോടെ മാന്യത തീണ്ടാത്ത ആ മഹാന്‍ എടുത്തു നീട്ടുകയും ചെയ്‌തു. ബഹിഷ്‌ക്കരണത്തിന്റെ ശിക്ഷ അപ്പോള്‍ തന്നെ കിട്ടി. പ്രിന്‍സിപ്പാള്‍ ക്ലാസിലെത്തിയതു മൂക്കും കണ്ണും ചുവപ്പിച്ചായിരുന്നു. വൃത്താകൃതിയിലുള്ള ആ വലിയ മുഖത്ത്‌ നോക്കാന്‍ ഞങ്ങള്‍ ഭയന്നു. ചൂടന്‍ വാചകങ്ങള്‍ പുറത്തേക്കു തള്ളുമ്പോള്‍ ഗുഹയിലിരുന്നു ചലിക്കുന്ന ജീവിയെപ്പോലെ നാവ്‌ തോന്നിച്ചു. ശിക്ഷ ഇപ്രകാരമായിരുന്നു ക്ലാസ്സില്‍ കയറണമെങ്കില്‍ നാളെ തന്നെ വീട്ടില്‍ നിന്ന്‌ ആളെ വിളിച്ചുകൊണ്ടു വരണം. ക്രിക്കറ്റ്‌ കമന്ററി എഴുതിയവനെ വലിച്ചുകീറാന്‍ തോന്നിയ നിമിഷമായിരുന്നത്‌. എന്തുകൊണ്ട്‌ സചിനെക്കുറിച്ച്‌ ഒരു സ്‌റ്റോറി എഴുതാന്‍ തോന്നിയില്ലെന്ന നഷ്ടബോധവും ഒപ്പമുണ്ടായിരുന്നു അപ്പോള്‍. ഏതായാലും പരീക്ഷ ബഹിഷ്‌കരിക്കുന്ന പരിപാടി അതോടെ ഉപേക്ഷിക്കപ്പെട്ടു. രാവിലെ വീട്ടില്‍ നിന്ന്‌ ചോറുകൊണ്ടുവരുന്ന ശീലവും പത്തുകഴിഞ്ഞതോടെ മാറ്റിമറിക്കപ്പെട്ടു. സമീപത്തുള്ള ആശുപത്രി കാന്റീനില്‍ നിന്ന്‌ പൊറോട്ട, സാമ്പാര്‍ അല്ലെങ്കില്‍ ഊണ്‌ ഇപ്രകാരമുള്ള ഒരു മാറ്റം ഞങ്ങളറിയാതെ സംഭവിച്ചു. നാലും അഞ്ചും പേരടങ്ങുന്ന ചെറിയ സംഘമാവും എല്ലാ ദിവസങ്ങളിലുമുണ്ടാവുക. ജയേഷ്‌, ധനേഷ്‌, ബൈജു, ജിയോ, ബിനു, നൈജു, രാജീവ്‌... ഞാന്‍ അങ്ങനെ മറ്റുള്ളവര്‍ക്കിടയില്‍ അലമ്പന്മാരും ഞങ്ങള്‍ക്കിടയില്‍ അങ്ങേയറ്റം മര്യാദരാമന്മാരുമായ കൗമാരപ്രായക്കാര്‍. എല്ലാ ദിവസവും ചിരിക്കു വഴിമരുന്നിടുന്ന ഒരു കഥാപാത്രമായിരുന്നു ബൈജു. വല്ലാതെ മെലിഞ്ഞിട്ട്‌ രസികനായ അല്ലെങ്കില്‍ ഞങ്ങള്‍ക്കു വേണ്ടി മണ്ടനായി അഭിനയിക്കുന്ന ഒരുവന്‍. ക്ലാസ്‌ റൂമിലും ഒഴിവുസമയങ്ങളിലും ബൈജൂക്കഥകള്‍ ഞങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുകയും അല്ലാത്തപ്പോള്‍ അവ ശൂന്യതയില്‍ നിന്നു സൃഷ്ടിക്കുകയും ചെയ്‌തു. അന്നും പതിവുപോലെ ഞങ്ങള്‍ കാന്റീനില്‍ നിന്നു പൊറോട്ടയും സാമ്പാറും കഴിച്ച്‌ ഏമ്പക്കവും വിട്ട്‌ കൈ കഴുകി. കൈതുടയ്‌ക്കാന്‍ പോക്കറ്റില്‍ പരതിയപ്പോഴാണ്‌ കര്‍ച്ചീഫെടുത്തില്ല എന്ന സത്യം മനസ്സിലാവുന്നത്‌. അടുത്ത ചോദ്യം ബൈജുവിനോടായിരുന്നു...അല്ല ബൈജു കര്‍ച്ചീഫെടുത്തിട്ടുണ്ടോ? ബൈജു നിഷ്‌കങ്കതയോടെ ഉത്തരവും തന്നു. ചീപ്പില്ല കണ്ണാടിയുണ്ട്‌. വേണോ? വേണമെന്നോ വേണ്ടന്നോ ഞാന്‍ പറഞ്ഞില്ല. സംഘാംഗങ്ങളുടെ പൊട്ടിച്ചിരിയില്‍ ബൈജു അന്ധാളിച്ചു നിന്നു. അവനപ്പോഴും ചോദ്യമോ ഉത്തരമോ ശ്രദ്ധിച്ചിരുന്നില്ല. ബൈജൂക്കഥകളുടെ ശേഖരത്തിലേക്ക്‌ ചീപ്പില്ല, കണ്ണാടിയുണ്ട്‌ വേണോ? എന്ന ഒരു പൊന്‍തൂവല്‍കൂടി ചേര്‍ത്തു ഞങ്ങള്‍ ക്ലാസ്‌റൂമിലേക്കു നടന്നു

പൊടിപിടിച്ച ജീവിതം

Saturday, May 3, 2008

| | | 1 ഇതിനെ കുറിച്ചിങ്ങിനെ
അന്നൊരവധി ദിവസം, അലങ്കോലമായ മുറി
ഒതുക്കുന്ന തിരക്കിലാണതു ശ്രദ്ധിച്ചത്‌്‌.
പൊടിപിടിച്ച ഒരു പെട്ടി, മുറിയുടെ മൂലയില്‍.
മൂക്കിലും കണ്ണിലും പൊടി അസ്വസ്ഥത
സൃഷ്ടിച്ചതവഗണിച്ചു തുറക്കുവാന്‍
വൃഗ്രതപ്പെട്ടത്‌ കാരണം കൂടാതെയായിരുന്നു.
ചില തടിച്ച പുസ്‌തകങ്ങളായിരുന്നു ഉള്ളടക്കം.
പഴകിയടര്‍ന്ന താളുകളില്‍ ഗണിതവും
ജീവശാസ്‌ത്രവും സാമൂഹ്യശാസ്‌ത്രവും
നേര്‍ത്തൊരു വ്യക്തതയില്‍ പതിഞ്ഞുകിടന്നു.
ഇനിയുമുണ്ട്‌ തടിച്ച പുസ്‌തകങ്ങള്‍...
മാനേജ്‌മെന്റ്‌ കൗശലങ്ങള്‍, നെടുകയും
കുറുകെയും അക്കൗണ്ട്‌ കോളങ്ങള്‍.
ആംഗലേയ വ്യാകരണവും സാഹിത്യവും.
ചരിത്രത്തിന്റെ കെട്ടുകഥകളും തിയ്യതികളും.
ഇനിയൊന്ന്‌ പച്ചയുടുപ്പിട്ട ഡയറിയായിരുന്നു.
കറുപ്പ്‌ വരകള്‍ക്കിടയില്‍
പ്രിയപ്പെട്ട വയലറ്റ്‌ നിറത്തോടടുത്ത
മഷിയില്‍ കുറിച്ച ജീവിതകഥ.
ഡയറിയുടെ ഓര്‍മയില്‍
നിന്നുണരുമ്പോള്‍ പൊടിയടങ്ങിയിരുന്നു.
പുസ്‌തകങ്ങള്‍ പഠിപ്പിച്ച നിയമങ്ങള്‍
ജീവിതത്തില്‍ എവിടൊക്കെ പ്രയോഗിച്ചു?
പരിണാമസിദ്ധാന്തവും ഒന്നാംലോകയുദ്ധവും
മഹാന്മാരുടെ അന്ത്യവും അന്താരാഷ്ട്ര കരാറുകളും
ഗുണിത, ഹരണ, ന്യൂന വഴികളും
എവിടൊക്കെ നിന്നെ രക്ഷിച്ചു?
പാടത്തെ പശമണ്ണെറിഞ്ഞു കളിച്ചത്‌,
തുമ്പിയെ പിടിച്ചത്‌, തോര്‍ത്തില്‍, ചൂണ്ടയില്‍
മീന്‍ പിടിച്ചത്‌, മണ്ണപ്പം ചുട്ടത്‌,
അച്ഛനുമമ്മയും കുട്ടിയുമായി വേഷമാടിയത്‌,
ഇടയ്‌ക്ക്‌ പലചരക്കുകടക്കാരന്റെ ഗൗരവം
സ്വന്തമാക്കിയത്‌, ടീച്ചറും കുട്ടിയുമായി സംവദിച്ചത്‌,
ഇവയിലേതായിരുന്നു നിനക്ക്‌ ഉപകാരപ്പെട്ടത്‌?
ബുദ്ധിയും ഓര്‍മയും എന്നെ കുഴക്കി.
വീട്ടില്‍ കണ്ടത്‌ കേട്ടതും, സമൂഹം കണ്‍കളില്‍
പകര്‍ന്ന കൗതുകം, പകര്‍ന്നു നല്‍കിയ സംസ്‌കാരം
പകര്‍ന്നാടിയ ശരികള്‍..ആരെല്ലാമായിരുന്നു
നിനക്ക്‌ വഴികാട്ടിയായത്‌? ചോദ്യങ്ങള്‍
നിലയ്‌ക്കാതെയായി.ഇനി ചിന്തയെ മറക്കുക,
ഈ ഭാണ്ഡവും. മുറിയിലെ പൊടി തീര്‍ത്തും
അടങ്ങി, ബുദ്ധിയിലെ പൊടിയാവട്ടെ
കൂടുതല്‍ കലങ്ങുകയും ചെയ്‌തു.

വക്കുപൊട്ടിയ വാക്ക്‌

Thursday, May 1, 2008

| | | 6 ഇതിനെ കുറിച്ചിങ്ങിനെ
വാക്ക്‌ ഒന്നാണെന്നറിഞ്ഞത്‌
നീയെന്നോടു സംവദിച്ചപ്പോഴായിരുന്നു.
വാചകങ്ങള്‍ ഒന്നാണെന്നറിഞ്ഞത്‌
നീ മൗനം പാലിച്ചപ്പോഴും.
സ്‌പന്ദനങ്ങള്‍ നിന്നെക്കുറിച്ചായിരുന്നു
ഞാന്‍ നീയും നീ ഞാനുമായിരുന്നു.
എന്റെ സ്വപ്‌നം നീ മാത്രവും
ജീവിതം നമ്മളുമായിരുന്നു.
എന്നാലെന്നാണ്‌ നീ നീ മാത്രവും
ഞാന്‍ ഞാന്‍ മാത്രവുമായി മാറിയത്‌?
നിന്റെ ഹൃദയം കാരിരുമ്പായിരുന്നു
എന്നെ അറിഞ്ഞത്‌ നിന്റെ നാട്യവും.
വാക്കുകള്‍ ബാക്കിയാവട്ടെ വക്കുപൊട്ടിയതെങ്കിലും.
ചോദ്യങ്ങള്‍ പ്രാര്‍ഥനയാണ്‌ ഉത്തരമില്ലെങ്കിലും.