
കാലം അത്ര പഴയതൊന്നുമല്ല. എന്നാല്‍ ഏറെക്കുറേ എന്റെ ഓര്‍മകളില്‍ നിന്ന് അപ്രത്യക്ഷമായ ഒരു സംഭവമാണിത്. എപ്പോഴൊക്കെയോ ഞാനെഴുതിയും പറഞ്ഞും പലരെയും ബോറടിപ്പിച്ച പ്ലസ്‌ടു പഠനകാലം തന്നെയാണ് ഈ സംഭവത്തിന്റെയും ആധാരം. 2000- 2001 വര്‍ഷം; അപരിചിതത്വത്തിന്റെ സംഭ്രമത്തില്‍ നിന്ന് അടിച്ചുപൊളിയുടെ ലോകത്തേക്ക് കാലൂന്നുന്ന കാലം. പലേടങ്ങളില്‍ നിന്നും എത്തിയവരില്‍ ഒരേ മനോഭാവമുള്ളവര്‍ പുതിയൊരു സൗഹൃദവലയത്തിനു തുടക്കമിട്ടു കഴിഞ്ഞിരുന്നു അപ്പോഴേക്കും. ക്ലാസ് റൂമുകളിലെ അലമ്പുകളില്‍, ക്ലാസ് കട്ടുചെയ്‌തു സിനിമക്കു പോവുന്നതില്‍, പരീക്ഷ ബഹിഷ്‌ക്കരിക്കുന്നതില്‍ അങ്ങനെ എല്ലാ കാര്യങ്ങളിലും സമാനത പുലര്‍ത്തുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. ഒരു കാര്യത്തില്‍ ഒഴികെ. വീട്ടില്‍ നിന്ന് രക്ഷാകര്‍ത്താവിനെ വിളിക്കാന്‍ പറയുമ്പോള്‍ മാത്രമായിരുന്നത്. എങ്കിലും പ്രിന്‍സിപ്പാളിന്റെ ചീത്ത തലതാഴ്‌ത്തി നിന്നു കേട്ടും വീട്ടുകാരെ വിളിപ്പിച്ചും പല സമയങ്ങളിലായി ക്ലാസ് റൂമില്‍ എത്താന്‍ ഞങ്ങള്‍ ശ്രദ്ധ പുലര്‍ത്തി പോന്നു. മാസാവസാനങ്ങളിലും പാര്‍ട്ടുകളുടെ അന്ത്യങ്ങളിലും പരീക്ഷകള്‍ ഇടുമ്പോള്‍ ഉത്തരങ്ങള്‍ വീട്ടില്‍ നിന്നെഴുതി കൊണ്ടുവരുന്ന ശീലം അറിയാതെയെങ്കിലും രക്തത്തില്‍ ലയിച്ചു ചേര്‍ന്നവരും സുഹൃത്തുക്കളില്‍ ഉണ്ടായിരുന്നെങ്കിലും ഒരു ഇറക്കിവിടല്‍ സംഭവിക്കുന്നതു വരെ എനിക്ക്-ഞങ്ങള്‍ക്ക് അതിനോട് എതിര്‍പ്പുണ്ടായിരുന്നില്ല. ഇക്കോണമിക്‌സ് പരീക്ഷയുടെ ദിവസമായിരുന്നു അന്ന്. പഠിക്കാത്തവര്‍ പരീക്ഷ എഴുതേണ്ടെന്ന ടീച്ചറിന്റെ പ്രസ്‌താവന ഏറ്റെടുത്തത് ഐകകണേ്‌ഠ്യന ആയിരുന്നു. എന്നാല്‍ ഒരാള്‍ മാത്രം ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞു നിന്നു. വെള്ളപേപ്പറെടുത്ത് അവന്‍ എഴുതിത്തുടങ്ങി. ഓവറുകളുടെയും റണ്‍സിന്റെയും വിക്കറ്റിന്റെയും അകമ്പടിയോടെ അവന്‍ ഉത്തരക്കടലാസില്‍ കുത്തിക്കുറിക്കുന്നത് സചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന സാങ്കല്‍പ്പിക ക്രിക്കറ്റ് മല്‍സരമായിരുന്നു. ഞങ്ങള്‍ പരീക്ഷ ബഹിഷ്‌ക്കരിച്ചത് പഠിക്കാത്തതുകൊണ്ടും അവന്‍ പരീക്ഷ "എഴുതിയതു" പഠിക്കാത്തതു കൊണ്ടും. അവര്‍ കഴിഞ്ഞതറിയിച്ച് മണി മുഴങ്ങി. നേരത്തേ എഴുതി തയ്യാറാക്കിയ പേപ്പര്‍ വളരെ മാന്യതയോടെ മാന്യത തീണ്ടാത്ത ആ മഹാന്‍ എടുത്തു നീട്ടുകയും ചെയ്‌തു. ബഹിഷ്‌ക്കരണത്തിന്റെ ശിക്ഷ അപ്പോള്‍ തന്നെ കിട്ടി. പ്രിന്‍സിപ്പാള്‍ ക്ലാസിലെത്തിയതു മൂക്കും കണ്ണും ചുവപ്പിച്ചായിരുന്നു. വൃത്താകൃതിയിലുള്ള ആ വലിയ മുഖത്ത് നോക്കാന്‍ ഞങ്ങള്‍ ഭയന്നു. ചൂടന്‍ വാചകങ്ങള്‍ പുറത്തേക്കു തള്ളുമ്പോള്‍ ഗുഹയിലിരുന്നു ചലിക്കുന്ന ജീവിയെപ്പോലെ നാവ് തോന്നിച്ചു. ശിക്ഷ ഇപ്രകാരമായിരുന്നു ക്ലാസ്സില്‍ കയറണമെങ്കില്‍ നാളെ തന്നെ വീട്ടില്‍ നിന്ന് ആളെ വിളിച്ചുകൊണ്ടു വരണം. ക്രിക്കറ്റ് കമന്ററി എഴുതിയവനെ വലിച്ചുകീറാന്‍ തോന്നിയ നിമിഷമായിരുന്നത്. എന്തുകൊണ്ട് സചിനെക്കുറിച്ച് ഒരു സ്‌റ്റോറി എഴുതാന്‍ തോന്നിയില്ലെന്ന നഷ്ടബോധവും ഒപ്പമുണ്ടായിരുന്നു അപ്പോള്‍. ഏതായാലും പരീക്ഷ ബഹിഷ്‌കരിക്കുന്ന പരിപാടി അതോടെ ഉപേക്ഷിക്കപ്പെട്ടു. രാവിലെ വീട്ടില്‍ നിന്ന് ചോറുകൊണ്ടുവരുന്ന ശീലവും പത്തുകഴിഞ്ഞതോടെ മാറ്റിമറിക്കപ്പെട്ടു. സമീപത്തുള്ള ആശുപത്രി കാന്റീനില്‍ നിന്ന് പൊറോട്ട, സാമ്പാര്‍ അല്ലെങ്കില്‍ ഊണ് ഇപ്രകാരമുള്ള ഒരു മാറ്റം ഞങ്ങളറിയാതെ സംഭവിച്ചു. നാലും അഞ്ചും പേരടങ്ങുന്ന ചെറിയ സംഘമാവും എല്ലാ ദിവസങ്ങളിലുമുണ്ടാവുക. ജയേഷ്, ധനേഷ്, ബൈജു, ജിയോ, ബിനു, നൈജു, രാജീവ്... ഞാന്‍ അങ്ങനെ മറ്റുള്ളവര്‍ക്കിടയില്‍ അലമ്പന്മാരും ഞങ്ങള്‍ക്കിടയില്‍ അങ്ങേയറ്റം മര്യാദരാമന്മാരുമായ കൗമാരപ്രായക്കാര്‍. എല്ലാ ദിവസവും ചിരിക്കു വഴിമരുന്നിടുന്ന ഒരു കഥാപാത്രമായിരുന്നു ബൈജു. വല്ലാതെ മെലിഞ്ഞിട്ട് രസികനായ അല്ലെങ്കില്‍ ഞങ്ങള്‍ക്കു വേണ്ടി മണ്ടനായി അഭിനയിക്കുന്ന ഒരുവന്‍. ക്ലാസ് റൂമിലും ഒഴിവുസമയങ്ങളിലും ബൈജൂക്കഥകള്‍ ഞങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുകയും അല്ലാത്തപ്പോള്‍ അവ ശൂന്യതയില്‍ നിന്നു സൃഷ്ടിക്കുകയും ചെയ്‌തു. അന്നും പതിവുപോലെ ഞങ്ങള്‍ കാന്റീനില്‍ നിന്നു പൊറോട്ടയും സാമ്പാറും കഴിച്ച് ഏമ്പക്കവും വിട്ട് കൈ കഴുകി. കൈതുടയ്‌ക്കാന്‍ പോക്കറ്റില്‍ പരതിയപ്പോഴാണ് കര്‍ച്ചീഫെടുത്തില്ല എന്ന സത്യം മനസ്സിലാവുന്നത്. അടുത്ത ചോദ്യം ബൈജുവിനോടായിരുന്നു...അല്ല ബൈജു കര്‍ച്ചീഫെടുത്തിട്ടുണ്ടോ? ബൈജു നിഷ്‌കങ്കതയോടെ ഉത്തരവും തന്നു. ചീപ്പില്ല കണ്ണാടിയുണ്ട്. വേണോ? വേണമെന്നോ വേണ്ടന്നോ ഞാന്‍ പറഞ്ഞില്ല. സംഘാംഗങ്ങളുടെ പൊട്ടിച്ചിരിയില്‍ ബൈജു അന്ധാളിച്ചു നിന്നു. അവനപ്പോഴും ചോദ്യമോ ഉത്തരമോ ശ്രദ്ധിച്ചിരുന്നില്ല. ബൈജൂക്കഥകളുടെ ശേഖരത്തിലേക്ക് ചീപ്പില്ല, കണ്ണാടിയുണ്ട് വേണോ? എന്ന ഒരു പൊന്‍തൂവല്‍കൂടി ചേര്‍ത്തു ഞങ്ങള്‍ ക്ലാസ്‌റൂമിലേക്കു നടന്നു
2 ഇതിനെ കുറിച്ചിങ്ങിനെ:
രസകരമായ ഒരു സംഭവം. കോളേജ് ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊന്റു പോയി, നന്ദി.
ഇതു പോലെ ഞങ്ങള്‍ക്കിടയില്‍ മണ്ടനായി സ്വയം പെരുമാറുന്ന ഒരു നല്ല സുഹൃത്ത് എനിയ്ക്കുമുണ്ടായിരുന്നു. ഒഴിവു സമയങ്ങളില്‍ അവന്റെ തമാശ കലര്‍ന്ന മണ്ടത്തരങ്ങള്‍ വളരെ ആസ്വാദ്യകരമായിരുന്നു.
അതു പോലെ മത്തന്‍! ബൈജുവിന്റെ മറു ചോദ്യം പോലെ എത്രയെത്ര സംഭവങ്ങള്‍... എല്ലാം ഓര്‍മ്മിപ്പിച്ചു.
:)
കണ്ടിട്ട് കുറേ നാളായി ഞാന്‍ കരുതി ഈ വഴിയൊക്കെ മറന്നൂന്ന്. ശ്രീയേട്ടാ നന്ദി.
Post a Comment