എന്തേ എല്ലാവരും നഗ്നരായത്‌?.

Friday, August 29, 2008

| | |



നഗ്നതയാണെവിടെയും എന്ന പരാതി-
യുയര്‍ന്നതെവിടെ നിന്നെന്ന ചോദ്യം കാതില്‍
മുഴങ്ങിയത്‌ പള്ളിക്കൂടത്തിലേക്കുള്ള
യാത്രയിലായിരുന്നു. മധുരമിഠായി വില്‍ക്കുന്ന
പെട്ടിക്കടയുടെ ചിതലെടുത്ത പലകയില്‍
മൈദാപ്പശയില്‍ മുങ്ങിനില്‍ക്കുന്ന
മാദകനടിമാരുടെ ചിത്രമാണന്നേരം
കാഴ്‌ചയില്‍ പതിഞ്ഞതും കൗതുകം പകര്‍ന്നതും.
ഇന്റര്‍വെല്‍ സമയങ്ങളില്‍ വീണ്ടുമാ
പോസ്‌റ്ററില്‍ കണ്ണുകള്‍ കൗതുകം
തിരയവെ ചെവിയില്‍ മലയാളമധ്യാപകന്റെ
ചൂടുള്ള സമ്മാനം കിട്ടിയതെന്തിനെന്ന ചോദ്യത്തെ
ബാക്കിവച്ചു, ഒളികണ്ണെറിയുക മാത്രമാണ്‌
പിന്നീട്‌ ചെയ്‌തത്‌. കൗസല്യടീച്ചറും മീനാക്ഷി
ടീച്ചറും ധരിക്കുന്ന മുഴുനീളസാരിയില്‍ പോസ്‌റ്ററിലെ
കൗതുകം ദര്‍ശിക്കാതായപ്പോള്‍ മനസ്സ്‌
അസ്വസ്ഥമായിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തിന്‌
അമ്മയുടെ കൈയില്‍ നിന്ന്‌ തുടകളേറ്റുവാങ്ങിയ ചോരച്ചവരകള്‍
അതിര്‍വരമ്പിട്ടു. സ്‌കൂളില്‍ പോവുന്നതിതിനോ
അഹങ്കാരി?യെന്ന അലര്‍ച്ച മനസ്സില്‍ ഇടിമുഴക്കമായത്‌
പോസ്‌റ്ററിലെ കൗതുകത്തേക്കാളപ്പുറവും.
പോസ്‌റ്ററും മൈദാപ്പശയും ചിതലരിച്ച പലകയും
മനപ്പൂര്‍വമവഗണിച്ചു കടന്നുപോവുമ്പോള്‍
കൗതുകത്തിനറുതിയില്ലായിരുന്നു.
പാഠപുസ്‌തകങ്ങള്‍ക്കിടയില്‍ നാലായി മടക്കിയ
അശ്ലീലതകളുമായി സഹപാഠികളെത്തുമ്പോള്‍
കൗതുകം മൂര്‍ധന്യതയിലായിരുന്നു.
കാലചക്രം തിരിഞ്ഞകലുമ്പോഴും നഗ്നതയ്‌ക്ക്‌
പ്രഥമസ്ഥാനമായിരുന്നു നഗരങ്ങളിലെ മതിലുകളിലെല്ലാം.
എന്നാലപ്പോള്‍ ഞാന്‍ കൂടുതല്‍ മാന്യനായി.
കണ്ണുകള്‍ മൈദാപ്പശയും ചിതലരിച്ച പലകയും
മാദകമേനിയും പരതിനടന്നില്ല. നഗ്നതയാണെവിടെയും
എന്ന പരാതി ആരിലും ഉണര്‍ന്നില്ല.
നാലുചുവരുകള്‍ക്കുള്ളില്‍ വിരല്‍തുമ്പില്‍ മാറുന്ന
ചാനലുകളില്‍ സുന്ദരിമാര്‍ നഗ്നരായി അച്ഛനും അമ്മയ്‌ക്കും
കുട്ടികള്‍ക്കും മുമ്പില്‍ നിര്‍ബാധം നൃത്തമാടി.
ഭീമന്‍ സെര്‍ച്ചെഞ്ചിനുകള്‍ പകരുന്ന ഇ-നഗ്നതാ പ്രദര്‍ശനം
മറ്റാരുമറിയാതെ കുട്ടികള്‍ കിടപ്പുമുറിയില്‍ കാണുകയും
കൂടുതല്‍ മാന്യന്മാരാവുകയും ചെയ്‌തു. അവരുടെ
കൗതുകം അമ്മയ്‌ക്കും ടീച്ചറിനും മുമ്പിലെത്തിയില്ല.
അവരുടെ ചെവിയിലാരും പൊന്നീച്ച പാറിച്ചില്ല,
അവരുടെ തുടകളിലാരും ചോരച്ചപാടുകള്‍ വീഴിച്ചില്ല.
കാലം പിറകോട്ടുപോവുന്നതേ ഇല്ല. എന്നാല്‍ ഞാന്‍
ഉത്തരമില്ലാത്ത ഒരു ചോദ്യം എന്നോടുചോദിച്ചു
എന്തേ എല്ലാവരും നഗ്നരായത്‌?.

6 ഇതിനെ കുറിച്ചിങ്ങിനെ:

OAB/ഒഎബി said...

ഒരു കാലത്ത് അസഭ്യമായിരുന്നത് ഇപ്പോള്‍ സഭ്യമായി മാറി. കാലം കഴിയുമ്പോള്‍ ഇതിലും വേഗത്തില്‍ എല്ലാവരും നഗ്നരാകും. പാപം ചെയ്യാത്തവറ് കല്ലെറിയാനുണ്ടായിട്ട് വേണ്ടെ....
നല്ല ചോദ്യം തന്നെ.

PIN said...

എല്ലാവരും നഗ്നരായാൽപ്പിന്നെ ലജ്ജിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ...

പ്രയാസി said...

നല്ല ചോദ്യം..:)

എനിക്കൊന്നു നഗ്നനായാല്‍ കൊള്ളാമെന്നുണ്ട്..! ചൂട് കൂടുതലാണേ...

Kichu $ Chinnu | കിച്ചു $ ചിന്നു said...

മൂടി വെയ്ക്കുന്ന സദാചാരവും അതു മൂലമുള്ള ഒളിച്ചു നോക്കി സംസ്കാരവും ആണ് നമ്മുടെ സമൂഹത്തിന്റെ പ്രശ്നം .. പുതിയ തലമുറ കുറേയൊക്കെ കണ്ടും അറിഞ്ഞും വളരട്ടെ എന്നാണെന്റെ പക്ഷം

Magician RC Bose said...

എന്താണ് ശരി എന്താണ് തെറ്റ് ഇത്തരം വിഷയങ്ങള്‍ തികച്ചും ആപേഷികം മാത്രമാണ്.........

aneeshans said...

സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു