പൊടിപിടിച്ച ജീവിതം

Saturday, May 3, 2008

| | |
അന്നൊരവധി ദിവസം, അലങ്കോലമായ മുറി
ഒതുക്കുന്ന തിരക്കിലാണതു ശ്രദ്ധിച്ചത്‌്‌.
പൊടിപിടിച്ച ഒരു പെട്ടി, മുറിയുടെ മൂലയില്‍.
മൂക്കിലും കണ്ണിലും പൊടി അസ്വസ്ഥത
സൃഷ്ടിച്ചതവഗണിച്ചു തുറക്കുവാന്‍
വൃഗ്രതപ്പെട്ടത്‌ കാരണം കൂടാതെയായിരുന്നു.
ചില തടിച്ച പുസ്‌തകങ്ങളായിരുന്നു ഉള്ളടക്കം.
പഴകിയടര്‍ന്ന താളുകളില്‍ ഗണിതവും
ജീവശാസ്‌ത്രവും സാമൂഹ്യശാസ്‌ത്രവും
നേര്‍ത്തൊരു വ്യക്തതയില്‍ പതിഞ്ഞുകിടന്നു.
ഇനിയുമുണ്ട്‌ തടിച്ച പുസ്‌തകങ്ങള്‍...
മാനേജ്‌മെന്റ്‌ കൗശലങ്ങള്‍, നെടുകയും
കുറുകെയും അക്കൗണ്ട്‌ കോളങ്ങള്‍.
ആംഗലേയ വ്യാകരണവും സാഹിത്യവും.
ചരിത്രത്തിന്റെ കെട്ടുകഥകളും തിയ്യതികളും.
ഇനിയൊന്ന്‌ പച്ചയുടുപ്പിട്ട ഡയറിയായിരുന്നു.
കറുപ്പ്‌ വരകള്‍ക്കിടയില്‍
പ്രിയപ്പെട്ട വയലറ്റ്‌ നിറത്തോടടുത്ത
മഷിയില്‍ കുറിച്ച ജീവിതകഥ.
ഡയറിയുടെ ഓര്‍മയില്‍
നിന്നുണരുമ്പോള്‍ പൊടിയടങ്ങിയിരുന്നു.
പുസ്‌തകങ്ങള്‍ പഠിപ്പിച്ച നിയമങ്ങള്‍
ജീവിതത്തില്‍ എവിടൊക്കെ പ്രയോഗിച്ചു?
പരിണാമസിദ്ധാന്തവും ഒന്നാംലോകയുദ്ധവും
മഹാന്മാരുടെ അന്ത്യവും അന്താരാഷ്ട്ര കരാറുകളും
ഗുണിത, ഹരണ, ന്യൂന വഴികളും
എവിടൊക്കെ നിന്നെ രക്ഷിച്ചു?
പാടത്തെ പശമണ്ണെറിഞ്ഞു കളിച്ചത്‌,
തുമ്പിയെ പിടിച്ചത്‌, തോര്‍ത്തില്‍, ചൂണ്ടയില്‍
മീന്‍ പിടിച്ചത്‌, മണ്ണപ്പം ചുട്ടത്‌,
അച്ഛനുമമ്മയും കുട്ടിയുമായി വേഷമാടിയത്‌,
ഇടയ്‌ക്ക്‌ പലചരക്കുകടക്കാരന്റെ ഗൗരവം
സ്വന്തമാക്കിയത്‌, ടീച്ചറും കുട്ടിയുമായി സംവദിച്ചത്‌,
ഇവയിലേതായിരുന്നു നിനക്ക്‌ ഉപകാരപ്പെട്ടത്‌?
ബുദ്ധിയും ഓര്‍മയും എന്നെ കുഴക്കി.
വീട്ടില്‍ കണ്ടത്‌ കേട്ടതും, സമൂഹം കണ്‍കളില്‍
പകര്‍ന്ന കൗതുകം, പകര്‍ന്നു നല്‍കിയ സംസ്‌കാരം
പകര്‍ന്നാടിയ ശരികള്‍..ആരെല്ലാമായിരുന്നു
നിനക്ക്‌ വഴികാട്ടിയായത്‌? ചോദ്യങ്ങള്‍
നിലയ്‌ക്കാതെയായി.ഇനി ചിന്തയെ മറക്കുക,
ഈ ഭാണ്ഡവും. മുറിയിലെ പൊടി തീര്‍ത്തും
അടങ്ങി, ബുദ്ധിയിലെ പൊടിയാവട്ടെ
കൂടുതല്‍ കലങ്ങുകയും ചെയ്‌തു.

1 ഇതിനെ കുറിച്ചിങ്ങിനെ:

G.MANU said...

ഇപ്പൊഴാ കണ്ടത്..
ആശംസകള്‍