2001-02 വര്‍ഷത്തിനിടയില്‍ നടത്തിയ മറക്കാനാവാത്ത ഒരു മൂന്നാര്‍ യാത്രയുടെ ഓര്‍മക്കുറിപ്പ്
എസ്.എസ്.എല്‍.സിക്കു നല്ല മാര്‍ക്കായതിനാല്‍ നിലവാരമുള്ള സ്‌കൂളുകളിലൊന്നും അഡ്‌മിഷന്‍ കിട്ടിയില്ല. ഒടുവില്‍ കട്ടപ്പനയിലെ(ജന്മനാടാണ്, ഞാനേറെയിഷ്ടപ്പെടുന്നതും) സെന്റ് സെബാസ്‌റ്റിയന്‍സ് എന്ന പാരലല്‍ കോളജില്‍ കൊമേഴ്‌സ് ഗ്രൂപ്പിനു ചേര്‍ന്നു. പരിചയക്കാര്‍ ഏറെയൊന്നുമില്ല. വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും ധാരാളം കുട്ടികള്‍(സുന്ദരിമാരും സുന്ദരന്മാരും, ഞാനുമൊരു സുന്ദരനാണേ). പഴയ പ്രീഡിഗ്രി ക്ലാസിലായിരുന്നു ഞങ്ങള്‍ക്കു സൗകര്യമേര്‍പ്പെടുത്തിയത്. വിസ്‌താരമേറിയ ഹാളില്‍ നാല്‍പ്പതോളം പേര്‍. അക്കൗണ്ടന്‍സിയുടെയും ഇക്കോണമിക്‌സിന്റെയും സ്‌റ്റാറ്റിസ്‌റ്റിക്‌സിന്റെയുമൊക്കെ നടുവില്‍ വാപൊളിച്ചും വാചാലരായും ഞങ്ങള്‍ നല്ല കൂട്ടുകാരായി തീര്‍ന്നിരുന്നു അപ്പോഴേക്കും. ജയേഷ്, രാജീവ്, റോണി, ധനേഷ്, ബിനു, ജിയോ, ബൈജു, അഞ്ചു, നിവ്യ, പ്രിറ്റി, ജില്‍മി അങ്ങിനെ തമാശകളും സൗന്ദര്യപ്പിണക്കങ്ങളും ചില്ലറ പ്രണയമൊട്ടുകളും ഒക്കെയായി ഒരടിപൊളി ജീവിതം. മാസത്തില്‍ നാലു റിലീസ് ചിത്രങ്ങള്‍ കാണുക, നാലു സസ്‌പെന്‍ഷന്‍, പരീക്ഷകള്‍...സമീപസ്ഥമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക....ഒന്നിനും മുടക്കമുണ്ടായിരുന്നില്ല.(ഒരു പ്രണയനൈരാശ്യമൊഴിച്ച്, അതു പരസ്യപ്പെടുത്താന്‍ മടിയാണ്). ഓപണ്‍സ്‌കൂളിന്റെ ഭാഗമായുള്ള കോണ്‍ടാക്ട് ക്ലാസുകള്‍ സംഘടിപ്പിച്ചത് 30 കിലോമീറ്റര്‍ അകലെയുള്ള കുമളിയിലായത് രസകരമായ അനുഭവമായി. ഉച്ചവരെ ക്ലാസില്‍ ബാക്കിസമയം തേക്കടിയിലേക്ക് ഒരു സൈക്കിള്‍ സവാരി...മൃഗങ്ങളെയും മനുഷ്യരെയും വായിനോക്കി മടക്കവും...അങ്ങിനെ ഒരു വര്‍ഷം പൂര്‍ത്തിയായി.രണ്ടാം വര്‍ഷവും സുഗമമായി പോവുമ്പോഴാണ് എല്ലാവരെയും സന്തോഷത്തിലാക്കിയ ഒരാശയും കോണ്‍ടാക്ട് ക്ലാസ്‌മുറിയില്‍ ഉടലെടുത്തത്. ഒരു ടൂര്‍ പോയാലോ? വേറെയും മൂന്നുനാലു പാരലല്‍കോളജുകളിലെ കുട്ടികള്‍കൂടിയുണ്ട്. ഏതായാലും നീണ്ടയാത്ര ഒഴിവാക്കാനും മൂന്നാറിലേക്ക്‌് ഒരു ഏകദിനയാത്ര പോവാനും തീരുമാനമായി.തീരുമാനം കൊള്ളാം. വീട്ടില്‍ ചെറിയസൂചനയും കൊടുത്തു. എന്നാല്‍ പോസിറ്റിവായ ഉത്തരമൊന്നുമില്ല. പിന്നെ ചിന്തിച്ചു. സംഗതി മൂന്നാറല്ലെ പത്തെഴുപതു കിലോമീറ്റര്‍ ദൂരം മാത്രം. യാത്ര രാവിലെ തുടങ്ങിയാല്‍ സന്ധ്യയോടെ തിരിച്ചെത്താം.റമദാന്‍ മാസമാണ് അന്നത്തെ നോമ്പ് ഉപേക്ഷിക്കാന്‍ തീരുമാനവുമെടുത്തു. രാവിലെ സുബഹി നമസ്‌കരിക്കാന്‍ പള്ളിയില്‍ പോയി.തന്ത്രപരമായി ആ വഴി കൂട്ടുകാര്‍ക്കൊപ്പം എത്തിച്ചേരുകയും ചെയ്‌തു. ആകെ ഒരു ബസിനുള്ള ആളുകള്‍...എല്ലാവരും വളരെ ഹാപ്പി. യാത്രതുടങ്ങിയതോടെ പാട്ടും ഡാന്‍സുമായി ബസ്സിലരങ്ങുകൊഴുത്തു. യാത്രപറയാതെ എത്തിയതിലുള്ള ആശങ്ക എപ്പോഴെ അപ്രത്യക്ഷമായി.ഇടയ്‌ക്ക് ചെറിയൊരു കാട്ടുതോടിനു സമീപം വണ്ടിനിര്‍ത്തി പ്രഭാതഭക്ഷണത്തിന്റെ തിരക്കുകളിലേക്ക്(റോണി, വീട്ടില്‍ നിന്നു കൊണ്ടുവന്ന കപ്പയും ബീഫുമാണ്). യാത്രയുടെ രസം കൂടിവന്നു.
മൂന്നാറിലെത്തി നേരെ ഇരവികുളം ദേശീയോദ്യാനത്തിന്റെ മനോഹാരിതയിലേക്ക്. നീലക്കുറിഞ്ഞി പകരുന്ന നീലവസന്തത്തിന്റെ സമയമല്ലാത്തതിനാല്‍ പൂവിടാതെ നില്‍ക്കുന്ന പ്രത്യേകതകളൊന്നുമില്ലാത്ത ചെടിയില്‍ തൊട്ടുനോക്കിയും ആരും കാണുന്നില്ല എന്നുറപ്പു വരുത്തി രണ്ടുമൂട് പറിച്ചെടുത്തും വരയാടിനെയും കാട്ടാനക്കൂട്ടത്തെയും കണ്ടും മനോഹാരിതയെ ഞങ്ങള്‍ക്കു പിന്നിലാക്കി ഫോട്ടോകള്‍ എടുത്തും യാത്ര ആസ്വദിച്ചുകൊണ്ടേയിരുന്നു. പിന്നീട് മാട്ടുപ്പെട്ടിഡാമിലെ സ്‌പീഡ്‌ബോട്ട് യാത്രയുടെ ഹരം. പുല്‍മേട്ടിലിരുന്നു കഥപറയുമ്പോള്‍..ഇടയ്‌ക്ക് ചില കമിതാക്കള്‍(കൂടെ വന്നവര്‍ തന്നെ)തങ്ങളുടെ സ്വപ്‌നലോകത്ത് വിരാജിക്കുന്നത് കാണാമായിരുന്നു. സൗഹൃദങ്ങളുടെ സുഗന്ധം പരത്തിയ യാത്ര ഹൃദയത്തില്‍ ആഴ്‌ന്നിറങ്ങിക്കഴിഞ്ഞിരുന്നു സന്ധ്യകഴിഞ്ഞപ്പോഴേക്കും. ഇരുട്ട് കൂടുകൂട്ടുമ്പോള്‍ വീട്ടിലെ കാര്യമോര്‍ത്ത് നെഞ്ചില്‍ ആശങ്കയുടെ പെരുമ്പറമുഴങ്ങി. ആട്ടവും പാട്ടും അവസാനിപ്പിക്കാനുള്ള നിര്‍ദേശം രാത്രിയോടെ അധ്യാപ(ഹയ)കര്‍ പുറപ്പെടുവിച്ചു. പതിനൊന്നുമണിക്കുശേഷം ബസ് വീട്ടുപടിക്കലെത്തി. ലൈറ്റുകളെല്ലാം നിശ്ചയപ്രകാരം അണയ്‌ക്കപ്പെട്ടിരിക്കുന്നു. കോളിങ്‌ബെല്ല് അടിയ്‌ക്കാനുള്ള ഭീതിയില്‍ കതകില്‍ കൊട്ടിയും ചുരണ്ടിയുമൊക്കെ ഇതാ അനുമതി കൂടാതെ വിനോദയാത്ര പോയ അഹങ്കാരി മടങ്ങിവന്നിരിക്കുന്ന എന്ന സന്ദേശം കൈമാറാന്‍ ശ്രമിച്ചു. ഇല്ല. ആരും എന്റെ രക്ഷക്കെത്തുന്നില്ല. മനസ് പ്രത്യാഖ്യാതങ്ങളെ കുറിച്ചോര്‍ത്ത് പുകഞ്ഞു. പുറപ്പെടുന്നതിനു മുമ്പ് മൂന്നാറിനൊരു യാത്ര പോവുന്നു എന്നു പറഞ്ഞിരുന്നെങ്കില്‍ എന്ന നഷ്ടബോധത്തെ കുറിച്ചോര്‍ത്തു നിരാശനായി.മഞ്ഞുപെയ്യുന്ന രാത്രിയില്‍ വല്ലാത്ത തണുപ്പില്‍ തല കാലിനിടയില്‍ പൂഴ്‌ത്തി വര്‍ക്ക് ഏരിയയില്‍ വെളുക്കുന്നതു വരെ. അതിരാവിലെ കതകുതുറന്ന് അമ്മച്ചി(ഉമ്മാ) നല്‍കിയ കടുംകാപ്പി(ബ്ലാക്ക് കോഫി) കുടിക്കുമ്പോള്‍ മാതൃസ്‌നേഹത്തെകുറിച്ചോര്‍ത്തു കണ്ണുനിറഞ്ഞുപോയി.(അന്നത്തെ നോമ്പിന്റെ ബലം ആ കടുംകാപ്പി മാത്രമായിരുന്നു എന്നത് ഞാന്‍ സ്വയം സ്വീകരിച്ച ശിക്ഷയും)സ്‌നേഹിച്ചുവളര്‍ത്തിയ പൊന്നുമോന് എന്തുപറ്റിയെന്നറിയാതെ പകല്‍ മുഴുവന്‍ വിഷമിച്ച അത്തച്ചി(ബാപ്പ)യെയും അമ്മച്ചിയേയും സഹോദരങ്ങളേയുമൊക്കെ വിഷമിപ്പിച്ചതിന് ഒരുരാത്രി പുറത്തിരിക്കുക എന്ന ശിക്ഷയില്‍കുറവെന്താണ് ഞാനര്‍ഹിക്കുന്നത് ? മനസ്സാക്ഷി എന്നോടു ചോദിച്ചുക്കൊണ്ടേയിരുന്നു. കൂട്ടുകാര്‍ക്കിടയില്‍ മൂന്നാര്‍യാത്ര പരസ്യമായില്ലെങ്കിലും ആഘോഷവേളകളില്‍ പറഞ്ഞുചിരിക്കാനും എന്നെകളിയാക്കാനും വീട്ടുകാര്‍ക്ക് ഒരു വിഷയം കിട്ടി.എന്തൊക്കെയായാലും എന്റെ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു യാത്ര അതു മൂന്നാറാണ്. പ്രിയ കൂട്ടുകാര്‍ ജീവിത തിരക്കില്‍ പല സ്ഥലങ്ങളില്‍ ആണെങ്കില്‍ കൂടി പഴയ ഫോട്ടോകള്‍ കാണുമ്പോള്‍ ഞാനാഹ്ലാദവാനാകുന്നു..മറ്റുള്ളവരോട് അതേക്കുറിച്ച് വാചാലനാവുന്നു.....(ഇപ്പോഴും സൂക്ഷിക്കുകയാണ് ആ യാത്രയുടെ ഫോട്ടോകള്‍, ഞാന്‍ എന്റെ മാത്രം സുഹൃത്തുക്കള്‍....ഓര്‍മ നശിക്കാതിരിക്കട്ടെ സൗഹൃദവും)
Subscribe to:
Post Comments (Atom)
6 ഇതിനെ കുറിച്ചിങ്ങിനെ:
താളത്തിനൊത്തു തുള്ളിയതല്ല. വെറുതെ ഒരു രസത്തിന്....
kollaaaaaaaam
സുന്ദരം ഈ ഓര്‍മ്മക്കുറിപ്പുകള്‍....
കൊള്ളാ ഫോട്ടോക്കളെല്ലാം ഉഗ്രന്‍
നല്ലൊരു യാത്രാക്കുറിപ്പ്. ഇഷ്ടമായി.
സൌഹൃദം എന്നെന്നും നില നില്‍ക്കട്ടെ. ആശംസകള്‍.
(ഫോണ്ട് അല്‍പ്പം കൂടെ വലുതാക്കിക്കൂടേ?}
നന്നായിരിക്കുന്നു... ഫോണ്ട് സൈസ് വലുതാക്കിയാല്‍ വായിക്കാന്‍ എളുപ്പമുണ്ടായിരുന്നു
ഫസല്‍, ശിവ, അനൂപേട്ടന്‍, ശ്രീയേട്ടന്‍, കിച്ചു-മിന്നു...എല്ലാവര്‍ക്കും നന്ദി കമന്റിനും ഓര്‍മക്കുറിപ്പ് വായിച്ചതിനും....സത്യം പറയാലോ...ഫോണ്ട് സൈസ് കൂട്ടുക എങ്ങിനെയെന്ന് ഇനിയും മനസ്സിലായില്ല.(ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കുക)
Post a Comment