എന്തേ എല്ലാവരും നഗ്നരായത്‌?.

Friday, August 29, 2008

| | | 6 ഇതിനെ കുറിച്ചിങ്ങിനെ



നഗ്നതയാണെവിടെയും എന്ന പരാതി-
യുയര്‍ന്നതെവിടെ നിന്നെന്ന ചോദ്യം കാതില്‍
മുഴങ്ങിയത്‌ പള്ളിക്കൂടത്തിലേക്കുള്ള
യാത്രയിലായിരുന്നു. മധുരമിഠായി വില്‍ക്കുന്ന
പെട്ടിക്കടയുടെ ചിതലെടുത്ത പലകയില്‍
മൈദാപ്പശയില്‍ മുങ്ങിനില്‍ക്കുന്ന
മാദകനടിമാരുടെ ചിത്രമാണന്നേരം
കാഴ്‌ചയില്‍ പതിഞ്ഞതും കൗതുകം പകര്‍ന്നതും.
ഇന്റര്‍വെല്‍ സമയങ്ങളില്‍ വീണ്ടുമാ
പോസ്‌റ്ററില്‍ കണ്ണുകള്‍ കൗതുകം
തിരയവെ ചെവിയില്‍ മലയാളമധ്യാപകന്റെ
ചൂടുള്ള സമ്മാനം കിട്ടിയതെന്തിനെന്ന ചോദ്യത്തെ
ബാക്കിവച്ചു, ഒളികണ്ണെറിയുക മാത്രമാണ്‌
പിന്നീട്‌ ചെയ്‌തത്‌. കൗസല്യടീച്ചറും മീനാക്ഷി
ടീച്ചറും ധരിക്കുന്ന മുഴുനീളസാരിയില്‍ പോസ്‌റ്ററിലെ
കൗതുകം ദര്‍ശിക്കാതായപ്പോള്‍ മനസ്സ്‌
അസ്വസ്ഥമായിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തിന്‌
അമ്മയുടെ കൈയില്‍ നിന്ന്‌ തുടകളേറ്റുവാങ്ങിയ ചോരച്ചവരകള്‍
അതിര്‍വരമ്പിട്ടു. സ്‌കൂളില്‍ പോവുന്നതിതിനോ
അഹങ്കാരി?യെന്ന അലര്‍ച്ച മനസ്സില്‍ ഇടിമുഴക്കമായത്‌
പോസ്‌റ്ററിലെ കൗതുകത്തേക്കാളപ്പുറവും.
പോസ്‌റ്ററും മൈദാപ്പശയും ചിതലരിച്ച പലകയും
മനപ്പൂര്‍വമവഗണിച്ചു കടന്നുപോവുമ്പോള്‍
കൗതുകത്തിനറുതിയില്ലായിരുന്നു.
പാഠപുസ്‌തകങ്ങള്‍ക്കിടയില്‍ നാലായി മടക്കിയ
അശ്ലീലതകളുമായി സഹപാഠികളെത്തുമ്പോള്‍
കൗതുകം മൂര്‍ധന്യതയിലായിരുന്നു.
കാലചക്രം തിരിഞ്ഞകലുമ്പോഴും നഗ്നതയ്‌ക്ക്‌
പ്രഥമസ്ഥാനമായിരുന്നു നഗരങ്ങളിലെ മതിലുകളിലെല്ലാം.
എന്നാലപ്പോള്‍ ഞാന്‍ കൂടുതല്‍ മാന്യനായി.
കണ്ണുകള്‍ മൈദാപ്പശയും ചിതലരിച്ച പലകയും
മാദകമേനിയും പരതിനടന്നില്ല. നഗ്നതയാണെവിടെയും
എന്ന പരാതി ആരിലും ഉണര്‍ന്നില്ല.
നാലുചുവരുകള്‍ക്കുള്ളില്‍ വിരല്‍തുമ്പില്‍ മാറുന്ന
ചാനലുകളില്‍ സുന്ദരിമാര്‍ നഗ്നരായി അച്ഛനും അമ്മയ്‌ക്കും
കുട്ടികള്‍ക്കും മുമ്പില്‍ നിര്‍ബാധം നൃത്തമാടി.
ഭീമന്‍ സെര്‍ച്ചെഞ്ചിനുകള്‍ പകരുന്ന ഇ-നഗ്നതാ പ്രദര്‍ശനം
മറ്റാരുമറിയാതെ കുട്ടികള്‍ കിടപ്പുമുറിയില്‍ കാണുകയും
കൂടുതല്‍ മാന്യന്മാരാവുകയും ചെയ്‌തു. അവരുടെ
കൗതുകം അമ്മയ്‌ക്കും ടീച്ചറിനും മുമ്പിലെത്തിയില്ല.
അവരുടെ ചെവിയിലാരും പൊന്നീച്ച പാറിച്ചില്ല,
അവരുടെ തുടകളിലാരും ചോരച്ചപാടുകള്‍ വീഴിച്ചില്ല.
കാലം പിറകോട്ടുപോവുന്നതേ ഇല്ല. എന്നാല്‍ ഞാന്‍
ഉത്തരമില്ലാത്ത ഒരു ചോദ്യം എന്നോടുചോദിച്ചു
എന്തേ എല്ലാവരും നഗ്നരായത്‌?.

ഖുത്തുബുദ്ദീന്‍ അന്‍സാരിയെ ഓര്‍മിക്കുന്നുവോ നിങ്ങള്‍ ?

Tuesday, July 29, 2008

| | | 5 ഇതിനെ കുറിച്ചിങ്ങിനെ

ബോംബ്‌ ഭീഷണിയെത്തുടര്‍ന്ന്‌ കോഴിക്കോട്‌ മാത്തറ കാലിക്കറ്റ്‌ ഇസ്‌്‌ലാമിക്‌ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പോലിസെത്തിയപ്പോള്‍ വിതുമ്പുന്ന കുരുന്ന്‌. തേജസ്‌ ഫോട്ടോഗ്രാഫര്‍ എം ടി വിധുരാജ്‌ പകര്‍ത്തിയ ചിത്രം. ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും പിന്നിലൊക്കെ ഒളിച്ചിരിക്കുന്ന ലക്ഷ്യങ്ങള്‍ എന്താവാം...മാധ്യമങ്ങളില്‍ വളച്ചൊടിക്കുന്ന വാര്‍ത്തകളും കെട്ടിച്ചമക്കുന്ന ഹിമാലയന്‍ നുണകളും എത്രയെത്ര നിരപരാധികളെ വേട്ടയാടുന്നതിന്‌ കാരണമാവുന്നു. ഇവിടെയിതാ നിഷ്‌കളങ്കത തുളുമ്പുന്ന ഈ കുരുന്നിനെ നോക്കൂ. കളിയും ചിരിയും നിറഞ്ഞുനില്‍ക്കുന്ന സ്‌കൂളിന്റെ സമാധാന അന്തരീക്ഷത്തിലേക്ക്‌ അതീവ ജാഗ്രതയോടെ എത്തിയ പോലിസുകാരെ ഭീതിയോടെ നോക്കുകയാണിവര്‍. വ്യാജ വാര്‍ത്തകള്‍ സ്‌കൂളുകളിലേക്കും ആശുപത്രികളിലേക്കും വിളിച്ചു പറയുന്നവര്‍ക്ക്‌ രസം. അനുഭവിക്കുന്നവര്‍ക്കോ..?

Saturday, May 31, 2008

| | | 3 ഇതിനെ കുറിച്ചിങ്ങിനെ


രണ്ടുമാസക്കാലത്തെ ആഘോഷങ്ങള്‍ക്കു വിടപറഞ്ഞ്‌ ഒരു പക്ഷേ സന്തോഷത്തോടെ അല്ലെങ്കില്‍ നേര്‍ത്തവേദനയോടെ മഴയുടെ അകമ്പടിയോടെ അച്ചടിമഷിപുരണ്ട പുസ്‌തകത്തിന്റെ സുഗന്ധം ശ്വസിച്ച്‌, മഴത്തുള്ളിയെ ചുംബിച്ചു വേര്‍പെടുത്തുന്ന പുത്തന്‍കുടകള്‍, പുസ്‌തകസഞ്ചികള്‍,പുതിയകൂട്ടുകാര്‍, ക്ലാസ്‌റൂമുകള്‍......... തിരക്കുകളിലേക്ക്‌ യാത്രയാവുന്ന കുരുന്നുകള്‍ക്ക്‌ ആശംസകള്‍ നേര്‍ന്ന്‌..കടമെടുത്തു പോസ്‌റ്റുകയാണീ ചിത്രം. കണ്ടപ്പോള്‍ തോന്നിയ കൗതുകം അവിശ്വസനീയതക്കു വഴിമാറി. നീലാകാശം, ഇരുണ്ട രൂപങ്ങള്‍ പ്രതിബിംബിക്കുന്ന വളരെ വളരെ മനോഹരമായ ഈ ചിത്രം നിങ്ങള്‍ക്കു സമര്‍പ്പിക്കട്ടെ.
| | | 0 ഇതിനെ കുറിച്ചിങ്ങിനെ

ചീപ്പില്ല കണ്ണാടി വേണോ?

Monday, May 26, 2008

| | | 2 ഇതിനെ കുറിച്ചിങ്ങിനെ

കാലം അത്ര പഴയതൊന്നുമല്ല. എന്നാല്‍ ഏറെക്കുറേ എന്റെ ഓര്‍മകളില്‍ നിന്ന്‌ അപ്രത്യക്ഷമായ ഒരു സംഭവമാണിത്‌. എപ്പോഴൊക്കെയോ ഞാനെഴുതിയും പറഞ്ഞും പലരെയും ബോറടിപ്പിച്ച പ്ലസ്‌ടു പഠനകാലം തന്നെയാണ്‌ ഈ സംഭവത്തിന്റെയും ആധാരം. 2000- 2001 വര്‍ഷം; അപരിചിതത്വത്തിന്റെ സംഭ്രമത്തില്‍ നിന്ന്‌ അടിച്ചുപൊളിയുടെ ലോകത്തേക്ക്‌ കാലൂന്നുന്ന കാലം. പലേടങ്ങളില്‍ നിന്നും എത്തിയവരില്‍ ഒരേ മനോഭാവമുള്ളവര്‍ പുതിയൊരു സൗഹൃദവലയത്തിനു തുടക്കമിട്ടു കഴിഞ്ഞിരുന്നു അപ്പോഴേക്കും. ക്ലാസ്‌ റൂമുകളിലെ അലമ്പുകളില്‍, ക്ലാസ്‌ കട്ടുചെയ്‌തു സിനിമക്കു പോവുന്നതില്‍, പരീക്ഷ ബഹിഷ്‌ക്കരിക്കുന്നതില്‍ അങ്ങനെ എല്ലാ കാര്യങ്ങളിലും സമാനത പുലര്‍ത്തുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. ഒരു കാര്യത്തില്‍ ഒഴികെ. വീട്ടില്‍ നിന്ന്‌ രക്ഷാകര്‍ത്താവിനെ വിളിക്കാന്‍ പറയുമ്പോള്‍ മാത്രമായിരുന്നത്‌. എങ്കിലും പ്രിന്‍സിപ്പാളിന്റെ ചീത്ത തലതാഴ്‌ത്തി നിന്നു കേട്ടും വീട്ടുകാരെ വിളിപ്പിച്ചും പല സമയങ്ങളിലായി ക്ലാസ്‌ റൂമില്‍ എത്താന്‍ ഞങ്ങള്‍ ശ്രദ്ധ പുലര്‍ത്തി പോന്നു. മാസാവസാനങ്ങളിലും പാര്‍ട്ടുകളുടെ അന്ത്യങ്ങളിലും പരീക്ഷകള്‍ ഇടുമ്പോള്‍ ഉത്തരങ്ങള്‍ വീട്ടില്‍ നിന്നെഴുതി കൊണ്ടുവരുന്ന ശീലം അറിയാതെയെങ്കിലും രക്തത്തില്‍ ലയിച്ചു ചേര്‍ന്നവരും സുഹൃത്തുക്കളില്‍ ഉണ്ടായിരുന്നെങ്കിലും ഒരു ഇറക്കിവിടല്‍ സംഭവിക്കുന്നതു വരെ എനിക്ക്‌-ഞങ്ങള്‍ക്ക്‌ അതിനോട്‌ എതിര്‍പ്പുണ്ടായിരുന്നില്ല. ഇക്കോണമിക്‌സ്‌ പരീക്ഷയുടെ ദിവസമായിരുന്നു അന്ന്‌. പഠിക്കാത്തവര്‍ പരീക്ഷ എഴുതേണ്ടെന്ന ടീച്ചറിന്റെ പ്രസ്‌താവന ഏറ്റെടുത്തത്‌ ഐകകണേ്‌ഠ്യന ആയിരുന്നു. എന്നാല്‍ ഒരാള്‍ മാത്രം ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ഒഴിഞ്ഞു നിന്നു. വെള്ളപേപ്പറെടുത്ത്‌ അവന്‍ എഴുതിത്തുടങ്ങി. ഓവറുകളുടെയും റണ്‍സിന്റെയും വിക്കറ്റിന്റെയും അകമ്പടിയോടെ അവന്‍ ഉത്തരക്കടലാസില്‍ കുത്തിക്കുറിക്കുന്നത്‌ സചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക്‌ നയിക്കുന്ന സാങ്കല്‍പ്പിക ക്രിക്കറ്റ്‌ മല്‍സരമായിരുന്നു. ഞങ്ങള്‍ പരീക്ഷ ബഹിഷ്‌ക്കരിച്ചത്‌ പഠിക്കാത്തതുകൊണ്ടും അവന്‍ പരീക്ഷ "എഴുതിയതു" പഠിക്കാത്തതു കൊണ്ടും. അവര്‍ കഴിഞ്ഞതറിയിച്ച്‌ മണി മുഴങ്ങി. നേരത്തേ എഴുതി തയ്യാറാക്കിയ പേപ്പര്‍ വളരെ മാന്യതയോടെ മാന്യത തീണ്ടാത്ത ആ മഹാന്‍ എടുത്തു നീട്ടുകയും ചെയ്‌തു. ബഹിഷ്‌ക്കരണത്തിന്റെ ശിക്ഷ അപ്പോള്‍ തന്നെ കിട്ടി. പ്രിന്‍സിപ്പാള്‍ ക്ലാസിലെത്തിയതു മൂക്കും കണ്ണും ചുവപ്പിച്ചായിരുന്നു. വൃത്താകൃതിയിലുള്ള ആ വലിയ മുഖത്ത്‌ നോക്കാന്‍ ഞങ്ങള്‍ ഭയന്നു. ചൂടന്‍ വാചകങ്ങള്‍ പുറത്തേക്കു തള്ളുമ്പോള്‍ ഗുഹയിലിരുന്നു ചലിക്കുന്ന ജീവിയെപ്പോലെ നാവ്‌ തോന്നിച്ചു. ശിക്ഷ ഇപ്രകാരമായിരുന്നു ക്ലാസ്സില്‍ കയറണമെങ്കില്‍ നാളെ തന്നെ വീട്ടില്‍ നിന്ന്‌ ആളെ വിളിച്ചുകൊണ്ടു വരണം. ക്രിക്കറ്റ്‌ കമന്ററി എഴുതിയവനെ വലിച്ചുകീറാന്‍ തോന്നിയ നിമിഷമായിരുന്നത്‌. എന്തുകൊണ്ട്‌ സചിനെക്കുറിച്ച്‌ ഒരു സ്‌റ്റോറി എഴുതാന്‍ തോന്നിയില്ലെന്ന നഷ്ടബോധവും ഒപ്പമുണ്ടായിരുന്നു അപ്പോള്‍. ഏതായാലും പരീക്ഷ ബഹിഷ്‌കരിക്കുന്ന പരിപാടി അതോടെ ഉപേക്ഷിക്കപ്പെട്ടു. രാവിലെ വീട്ടില്‍ നിന്ന്‌ ചോറുകൊണ്ടുവരുന്ന ശീലവും പത്തുകഴിഞ്ഞതോടെ മാറ്റിമറിക്കപ്പെട്ടു. സമീപത്തുള്ള ആശുപത്രി കാന്റീനില്‍ നിന്ന്‌ പൊറോട്ട, സാമ്പാര്‍ അല്ലെങ്കില്‍ ഊണ്‌ ഇപ്രകാരമുള്ള ഒരു മാറ്റം ഞങ്ങളറിയാതെ സംഭവിച്ചു. നാലും അഞ്ചും പേരടങ്ങുന്ന ചെറിയ സംഘമാവും എല്ലാ ദിവസങ്ങളിലുമുണ്ടാവുക. ജയേഷ്‌, ധനേഷ്‌, ബൈജു, ജിയോ, ബിനു, നൈജു, രാജീവ്‌... ഞാന്‍ അങ്ങനെ മറ്റുള്ളവര്‍ക്കിടയില്‍ അലമ്പന്മാരും ഞങ്ങള്‍ക്കിടയില്‍ അങ്ങേയറ്റം മര്യാദരാമന്മാരുമായ കൗമാരപ്രായക്കാര്‍. എല്ലാ ദിവസവും ചിരിക്കു വഴിമരുന്നിടുന്ന ഒരു കഥാപാത്രമായിരുന്നു ബൈജു. വല്ലാതെ മെലിഞ്ഞിട്ട്‌ രസികനായ അല്ലെങ്കില്‍ ഞങ്ങള്‍ക്കു വേണ്ടി മണ്ടനായി അഭിനയിക്കുന്ന ഒരുവന്‍. ക്ലാസ്‌ റൂമിലും ഒഴിവുസമയങ്ങളിലും ബൈജൂക്കഥകള്‍ ഞങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുകയും അല്ലാത്തപ്പോള്‍ അവ ശൂന്യതയില്‍ നിന്നു സൃഷ്ടിക്കുകയും ചെയ്‌തു. അന്നും പതിവുപോലെ ഞങ്ങള്‍ കാന്റീനില്‍ നിന്നു പൊറോട്ടയും സാമ്പാറും കഴിച്ച്‌ ഏമ്പക്കവും വിട്ട്‌ കൈ കഴുകി. കൈതുടയ്‌ക്കാന്‍ പോക്കറ്റില്‍ പരതിയപ്പോഴാണ്‌ കര്‍ച്ചീഫെടുത്തില്ല എന്ന സത്യം മനസ്സിലാവുന്നത്‌. അടുത്ത ചോദ്യം ബൈജുവിനോടായിരുന്നു...അല്ല ബൈജു കര്‍ച്ചീഫെടുത്തിട്ടുണ്ടോ? ബൈജു നിഷ്‌കങ്കതയോടെ ഉത്തരവും തന്നു. ചീപ്പില്ല കണ്ണാടിയുണ്ട്‌. വേണോ? വേണമെന്നോ വേണ്ടന്നോ ഞാന്‍ പറഞ്ഞില്ല. സംഘാംഗങ്ങളുടെ പൊട്ടിച്ചിരിയില്‍ ബൈജു അന്ധാളിച്ചു നിന്നു. അവനപ്പോഴും ചോദ്യമോ ഉത്തരമോ ശ്രദ്ധിച്ചിരുന്നില്ല. ബൈജൂക്കഥകളുടെ ശേഖരത്തിലേക്ക്‌ ചീപ്പില്ല, കണ്ണാടിയുണ്ട്‌ വേണോ? എന്ന ഒരു പൊന്‍തൂവല്‍കൂടി ചേര്‍ത്തു ഞങ്ങള്‍ ക്ലാസ്‌റൂമിലേക്കു നടന്നു

പൊടിപിടിച്ച ജീവിതം

Saturday, May 3, 2008

| | | 1 ഇതിനെ കുറിച്ചിങ്ങിനെ
അന്നൊരവധി ദിവസം, അലങ്കോലമായ മുറി
ഒതുക്കുന്ന തിരക്കിലാണതു ശ്രദ്ധിച്ചത്‌്‌.
പൊടിപിടിച്ച ഒരു പെട്ടി, മുറിയുടെ മൂലയില്‍.
മൂക്കിലും കണ്ണിലും പൊടി അസ്വസ്ഥത
സൃഷ്ടിച്ചതവഗണിച്ചു തുറക്കുവാന്‍
വൃഗ്രതപ്പെട്ടത്‌ കാരണം കൂടാതെയായിരുന്നു.
ചില തടിച്ച പുസ്‌തകങ്ങളായിരുന്നു ഉള്ളടക്കം.
പഴകിയടര്‍ന്ന താളുകളില്‍ ഗണിതവും
ജീവശാസ്‌ത്രവും സാമൂഹ്യശാസ്‌ത്രവും
നേര്‍ത്തൊരു വ്യക്തതയില്‍ പതിഞ്ഞുകിടന്നു.
ഇനിയുമുണ്ട്‌ തടിച്ച പുസ്‌തകങ്ങള്‍...
മാനേജ്‌മെന്റ്‌ കൗശലങ്ങള്‍, നെടുകയും
കുറുകെയും അക്കൗണ്ട്‌ കോളങ്ങള്‍.
ആംഗലേയ വ്യാകരണവും സാഹിത്യവും.
ചരിത്രത്തിന്റെ കെട്ടുകഥകളും തിയ്യതികളും.
ഇനിയൊന്ന്‌ പച്ചയുടുപ്പിട്ട ഡയറിയായിരുന്നു.
കറുപ്പ്‌ വരകള്‍ക്കിടയില്‍
പ്രിയപ്പെട്ട വയലറ്റ്‌ നിറത്തോടടുത്ത
മഷിയില്‍ കുറിച്ച ജീവിതകഥ.
ഡയറിയുടെ ഓര്‍മയില്‍
നിന്നുണരുമ്പോള്‍ പൊടിയടങ്ങിയിരുന്നു.
പുസ്‌തകങ്ങള്‍ പഠിപ്പിച്ച നിയമങ്ങള്‍
ജീവിതത്തില്‍ എവിടൊക്കെ പ്രയോഗിച്ചു?
പരിണാമസിദ്ധാന്തവും ഒന്നാംലോകയുദ്ധവും
മഹാന്മാരുടെ അന്ത്യവും അന്താരാഷ്ട്ര കരാറുകളും
ഗുണിത, ഹരണ, ന്യൂന വഴികളും
എവിടൊക്കെ നിന്നെ രക്ഷിച്ചു?
പാടത്തെ പശമണ്ണെറിഞ്ഞു കളിച്ചത്‌,
തുമ്പിയെ പിടിച്ചത്‌, തോര്‍ത്തില്‍, ചൂണ്ടയില്‍
മീന്‍ പിടിച്ചത്‌, മണ്ണപ്പം ചുട്ടത്‌,
അച്ഛനുമമ്മയും കുട്ടിയുമായി വേഷമാടിയത്‌,
ഇടയ്‌ക്ക്‌ പലചരക്കുകടക്കാരന്റെ ഗൗരവം
സ്വന്തമാക്കിയത്‌, ടീച്ചറും കുട്ടിയുമായി സംവദിച്ചത്‌,
ഇവയിലേതായിരുന്നു നിനക്ക്‌ ഉപകാരപ്പെട്ടത്‌?
ബുദ്ധിയും ഓര്‍മയും എന്നെ കുഴക്കി.
വീട്ടില്‍ കണ്ടത്‌ കേട്ടതും, സമൂഹം കണ്‍കളില്‍
പകര്‍ന്ന കൗതുകം, പകര്‍ന്നു നല്‍കിയ സംസ്‌കാരം
പകര്‍ന്നാടിയ ശരികള്‍..ആരെല്ലാമായിരുന്നു
നിനക്ക്‌ വഴികാട്ടിയായത്‌? ചോദ്യങ്ങള്‍
നിലയ്‌ക്കാതെയായി.ഇനി ചിന്തയെ മറക്കുക,
ഈ ഭാണ്ഡവും. മുറിയിലെ പൊടി തീര്‍ത്തും
അടങ്ങി, ബുദ്ധിയിലെ പൊടിയാവട്ടെ
കൂടുതല്‍ കലങ്ങുകയും ചെയ്‌തു.

വക്കുപൊട്ടിയ വാക്ക്‌

Thursday, May 1, 2008

| | | 6 ഇതിനെ കുറിച്ചിങ്ങിനെ
വാക്ക്‌ ഒന്നാണെന്നറിഞ്ഞത്‌
നീയെന്നോടു സംവദിച്ചപ്പോഴായിരുന്നു.
വാചകങ്ങള്‍ ഒന്നാണെന്നറിഞ്ഞത്‌
നീ മൗനം പാലിച്ചപ്പോഴും.
സ്‌പന്ദനങ്ങള്‍ നിന്നെക്കുറിച്ചായിരുന്നു
ഞാന്‍ നീയും നീ ഞാനുമായിരുന്നു.
എന്റെ സ്വപ്‌നം നീ മാത്രവും
ജീവിതം നമ്മളുമായിരുന്നു.
എന്നാലെന്നാണ്‌ നീ നീ മാത്രവും
ഞാന്‍ ഞാന്‍ മാത്രവുമായി മാറിയത്‌?
നിന്റെ ഹൃദയം കാരിരുമ്പായിരുന്നു
എന്നെ അറിഞ്ഞത്‌ നിന്റെ നാട്യവും.
വാക്കുകള്‍ ബാക്കിയാവട്ടെ വക്കുപൊട്ടിയതെങ്കിലും.
ചോദ്യങ്ങള്‍ പ്രാര്‍ഥനയാണ്‌ ഉത്തരമില്ലെങ്കിലും.

ഒരു മൂന്നാര്‍ യാത്രയുടെ ഓര്‍മയ്‌ക്ക്‌

Saturday, April 26, 2008

| | | 6 ഇതിനെ കുറിച്ചിങ്ങിനെ
2001-02 വര്‍ഷത്തിനിടയില്‍ നടത്തിയ മറക്കാനാവാത്ത ഒരു മൂന്നാര്‍ യാത്രയുടെ ഓര്‍മക്കുറിപ്പ്‌
എസ്‌.എസ്‌.എല്‍.സിക്കു നല്ല മാര്‍ക്കായതിനാല്‍ നിലവാരമുള്ള സ്‌കൂളുകളിലൊന്നും അഡ്‌മിഷന്‍ കിട്ടിയില്ല. ഒടുവില്‍ കട്ടപ്പനയിലെ(ജന്മനാടാണ്‌, ഞാനേറെയിഷ്ടപ്പെടുന്നതും) സെന്റ്‌ സെബാസ്‌റ്റിയന്‍സ്‌ എന്ന പാരലല്‍ കോളജില്‍ കൊമേഴ്‌സ്‌ ഗ്രൂപ്പിനു ചേര്‍ന്നു. പരിചയക്കാര്‍ ഏറെയൊന്നുമില്ല. വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും ധാരാളം കുട്ടികള്‍(സുന്ദരിമാരും സുന്ദരന്മാരും, ഞാനുമൊരു സുന്ദരനാണേ). പഴയ പ്രീഡിഗ്രി ക്ലാസിലായിരുന്നു ഞങ്ങള്‍ക്കു സൗകര്യമേര്‍പ്പെടുത്തിയത്‌. വിസ്‌താരമേറിയ ഹാളില്‍ നാല്‍പ്പതോളം പേര്‍. അക്കൗണ്ടന്‍സിയുടെയും ഇക്കോണമിക്‌സിന്റെയും സ്‌റ്റാറ്റിസ്‌റ്റിക്‌സിന്റെയുമൊക്കെ നടുവില്‍ വാപൊളിച്ചും വാചാലരായും ഞങ്ങള്‍ നല്ല കൂട്ടുകാരായി തീര്‍ന്നിരുന്നു അപ്പോഴേക്കും. ജയേഷ്‌, രാജീവ്‌, റോണി, ധനേഷ്‌, ബിനു, ജിയോ, ബൈജു, അഞ്ചു, നിവ്യ, പ്രിറ്റി, ജില്‍മി അങ്ങിനെ തമാശകളും സൗന്ദര്യപ്പിണക്കങ്ങളും ചില്ലറ പ്രണയമൊട്ടുകളും ഒക്കെയായി ഒരടിപൊളി ജീവിതം. മാസത്തില്‍ നാലു റിലീസ്‌ ചിത്രങ്ങള്‍ കാണുക, നാലു സസ്‌പെന്‍ഷന്‍, പരീക്ഷകള്‍...സമീപസ്ഥമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക....ഒന്നിനും മുടക്കമുണ്ടായിരുന്നില്ല.(ഒരു പ്രണയനൈരാശ്യമൊഴിച്ച്‌, അതു പരസ്യപ്പെടുത്താന്‍ മടിയാണ്‌). ഓപണ്‍സ്‌കൂളിന്റെ ഭാഗമായുള്ള കോണ്‍ടാക്ട്‌ ക്ലാസുകള്‍ സംഘടിപ്പിച്ചത്‌ 30 കിലോമീറ്റര്‍ അകലെയുള്ള കുമളിയിലായത്‌ രസകരമായ അനുഭവമായി. ഉച്ചവരെ ക്ലാസില്‍ ബാക്കിസമയം തേക്കടിയിലേക്ക്‌ ഒരു സൈക്കിള്‍ സവാരി...മൃഗങ്ങളെയും മനുഷ്യരെയും വായിനോക്കി മടക്കവും...അങ്ങിനെ ഒരു വര്‍ഷം പൂര്‍ത്തിയായി.രണ്ടാം വര്‍ഷവും സുഗമമായി പോവുമ്പോഴാണ്‌ എല്ലാവരെയും സന്തോഷത്തിലാക്കിയ ഒരാശയും കോണ്‍ടാക്ട്‌ ക്ലാസ്‌മുറിയില്‍ ഉടലെടുത്തത്‌. ഒരു ടൂര്‍ പോയാലോ? വേറെയും മൂന്നുനാലു പാരലല്‍കോളജുകളിലെ കുട്ടികള്‍കൂടിയുണ്ട്‌. ഏതായാലും നീണ്ടയാത്ര ഒഴിവാക്കാനും മൂന്നാറിലേക്ക്‌്‌ ഒരു ഏകദിനയാത്ര പോവാനും തീരുമാനമായി.തീരുമാനം കൊള്ളാം. വീട്ടില്‍ ചെറിയസൂചനയും കൊടുത്തു. എന്നാല്‍ പോസിറ്റിവായ ഉത്തരമൊന്നുമില്ല. പിന്നെ ചിന്തിച്ചു. സംഗതി മൂന്നാറല്ലെ പത്തെഴുപതു കിലോമീറ്റര്‍ ദൂരം മാത്രം. യാത്ര രാവിലെ തുടങ്ങിയാല്‍ സന്ധ്യയോടെ തിരിച്ചെത്താം.റമദാന്‍ മാസമാണ്‌ അന്നത്തെ നോമ്പ്‌ ഉപേക്ഷിക്കാന്‍ തീരുമാനവുമെടുത്തു. രാവിലെ സുബഹി നമസ്‌കരിക്കാന്‍ പള്ളിയില്‍ പോയി.തന്ത്രപരമായി ആ വഴി കൂട്ടുകാര്‍ക്കൊപ്പം എത്തിച്ചേരുകയും ചെയ്‌തു. ആകെ ഒരു ബസിനുള്ള ആളുകള്‍...എല്ലാവരും വളരെ ഹാപ്പി. യാത്രതുടങ്ങിയതോടെ പാട്ടും ഡാന്‍സുമായി ബസ്സിലരങ്ങുകൊഴുത്തു. യാത്രപറയാതെ എത്തിയതിലുള്ള ആശങ്ക എപ്പോഴെ അപ്രത്യക്ഷമായി.ഇടയ്‌ക്ക്‌ ചെറിയൊരു കാട്ടുതോടിനു സമീപം വണ്ടിനിര്‍ത്തി പ്രഭാതഭക്ഷണത്തിന്റെ തിരക്കുകളിലേക്ക്‌(റോണി, വീട്ടില്‍ നിന്നു കൊണ്ടുവന്ന കപ്പയും ബീഫുമാണ്‌). യാത്രയുടെ രസം കൂടിവന്നു.
മൂന്നാറിലെത്തി നേരെ ഇരവികുളം ദേശീയോദ്യാനത്തിന്റെ മനോഹാരിതയിലേക്ക്‌. നീലക്കുറിഞ്ഞി പകരുന്ന നീലവസന്തത്തിന്റെ സമയമല്ലാത്തതിനാല്‍ പൂവിടാതെ നില്‍ക്കുന്ന പ്രത്യേകതകളൊന്നുമില്ലാത്ത ചെടിയില്‍ തൊട്ടുനോക്കിയും ആരും കാണുന്നില്ല എന്നുറപ്പു വരുത്തി രണ്ടുമൂട്‌ പറിച്ചെടുത്തും വരയാടിനെയും കാട്ടാനക്കൂട്ടത്തെയും കണ്ടും മനോഹാരിതയെ ഞങ്ങള്‍ക്കു പിന്നിലാക്കി ഫോട്ടോകള്‍ എടുത്തും യാത്ര ആസ്വദിച്ചുകൊണ്ടേയിരുന്നു. പിന്നീട്‌ മാട്ടുപ്പെട്ടിഡാമിലെ സ്‌പീഡ്‌ബോട്ട്‌ യാത്രയുടെ ഹരം. പുല്‍മേട്ടിലിരുന്നു കഥപറയുമ്പോള്‍..ഇടയ്‌ക്ക്‌ ചില കമിതാക്കള്‍(കൂടെ വന്നവര്‍ തന്നെ)തങ്ങളുടെ സ്വപ്‌നലോകത്ത്‌ വിരാജിക്കുന്നത്‌ കാണാമായിരുന്നു. സൗഹൃദങ്ങളുടെ സുഗന്ധം പരത്തിയ യാത്ര ഹൃദയത്തില്‍ ആഴ്‌ന്നിറങ്ങിക്കഴിഞ്ഞിരുന്നു സന്ധ്യകഴിഞ്ഞപ്പോഴേക്കും. ഇരുട്ട്‌ കൂടുകൂട്ടുമ്പോള്‍ വീട്ടിലെ കാര്യമോര്‍ത്ത്‌ നെഞ്ചില്‍ ആശങ്കയുടെ പെരുമ്പറമുഴങ്ങി. ആട്ടവും പാട്ടും അവസാനിപ്പിക്കാനുള്ള നിര്‍ദേശം രാത്രിയോടെ അധ്യാപ(ഹയ)കര്‍ പുറപ്പെടുവിച്ചു. പതിനൊന്നുമണിക്കുശേഷം ബസ്‌ വീട്ടുപടിക്കലെത്തി. ലൈറ്റുകളെല്ലാം നിശ്ചയപ്രകാരം അണയ്‌ക്കപ്പെട്ടിരിക്കുന്നു. കോളിങ്‌ബെല്ല്‌ അടിയ്‌ക്കാനുള്ള ഭീതിയില്‍ കതകില്‍ കൊട്ടിയും ചുരണ്ടിയുമൊക്കെ ഇതാ അനുമതി കൂടാതെ വിനോദയാത്ര പോയ അഹങ്കാരി മടങ്ങിവന്നിരിക്കുന്ന എന്ന സന്ദേശം കൈമാറാന്‍ ശ്രമിച്ചു. ഇല്ല. ആരും എന്റെ രക്ഷക്കെത്തുന്നില്ല. മനസ്‌ പ്രത്യാഖ്യാതങ്ങളെ കുറിച്ചോര്‍ത്ത്‌ പുകഞ്ഞു. പുറപ്പെടുന്നതിനു മുമ്പ്‌ മൂന്നാറിനൊരു യാത്ര പോവുന്നു എന്നു പറഞ്ഞിരുന്നെങ്കില്‍ എന്ന നഷ്ടബോധത്തെ കുറിച്ചോര്‍ത്തു നിരാശനായി.മഞ്ഞുപെയ്യുന്ന രാത്രിയില്‍ വല്ലാത്ത തണുപ്പില്‍ തല കാലിനിടയില്‍ പൂഴ്‌ത്തി വര്‍ക്ക്‌ ഏരിയയില്‍ വെളുക്കുന്നതു വരെ. അതിരാവിലെ കതകുതുറന്ന്‌ അമ്മച്ചി(ഉമ്മാ) നല്‍കിയ കടുംകാപ്പി(ബ്ലാക്ക്‌ കോഫി) കുടിക്കുമ്പോള്‍ മാതൃസ്‌നേഹത്തെകുറിച്ചോര്‍ത്തു കണ്ണുനിറഞ്ഞുപോയി.(അന്നത്തെ നോമ്പിന്റെ ബലം ആ കടുംകാപ്പി മാത്രമായിരുന്നു എന്നത്‌ ഞാന്‍ സ്വയം സ്വീകരിച്ച ശിക്ഷയും)സ്‌നേഹിച്ചുവളര്‍ത്തിയ പൊന്നുമോന്‌ എന്തുപറ്റിയെന്നറിയാതെ പകല്‍ മുഴുവന്‍ വിഷമിച്ച അത്തച്ചി(ബാപ്പ)യെയും അമ്മച്ചിയേയും സഹോദരങ്ങളേയുമൊക്കെ വിഷമിപ്പിച്ചതിന്‌ ഒരുരാത്രി പുറത്തിരിക്കുക എന്ന ശിക്ഷയില്‍കുറവെന്താണ്‌ ഞാനര്‍ഹിക്കുന്നത്‌ ? മനസ്സാക്ഷി എന്നോടു ചോദിച്ചുക്കൊണ്ടേയിരുന്നു. കൂട്ടുകാര്‍ക്കിടയില്‍ മൂന്നാര്‍യാത്ര പരസ്യമായില്ലെങ്കിലും ആഘോഷവേളകളില്‍ പറഞ്ഞുചിരിക്കാനും എന്നെകളിയാക്കാനും വീട്ടുകാര്‍ക്ക്‌ ഒരു വിഷയം കിട്ടി.എന്തൊക്കെയായാലും എന്റെ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു യാത്ര അതു മൂന്നാറാണ്‌. പ്രിയ കൂട്ടുകാര്‍ ജീവിത തിരക്കില്‍ പല സ്ഥലങ്ങളില്‍ ആണെങ്കില്‍ കൂടി പഴയ ഫോട്ടോകള്‍ കാണുമ്പോള്‍ ഞാനാഹ്ലാദവാനാകുന്നു..മറ്റുള്ളവരോട്‌ അതേക്കുറിച്ച്‌ വാചാലനാവുന്നു.....(ഇപ്പോഴും സൂക്ഷിക്കുകയാണ്‌ ആ യാത്രയുടെ ഫോട്ടോകള്‍, ഞാന്‍ എന്റെ മാത്രം സുഹൃത്തുക്കള്‍....ഓര്‍മ നശിക്കാതിരിക്കട്ടെ സൗഹൃദവും)

സൗഹൃദമെന്ന പ്രണയം

Monday, April 21, 2008

| | | 0 ഇതിനെ കുറിച്ചിങ്ങിനെ
കണ്ണീര്‍ തൂവുമ്പോഴും നീയെന്നെ മുറിപ്പെടുത്തി.
പ്രണയത്തെ സൗഹൃദത്തിനു വഴിമാറ്റാനുള്ള
നിന്റെ കു'ബുദ്ധി' അറിയാതിരിക്കാന്‍
എനിക്കാവില്ലായിരുന്നു...എന്നാല്‍ പ്രണയം
നഷ്ടമായാലും നിന്റെ സാമിപ്യം എന്നരികിലുണ്ടാവാന്‍
സൗഹൃദത്തെ ഞാന്‍ എടുത്തണിയുക തന്നെ ചെയ്‌തു
പ്രണയത്തിനു തുടക്കമിട്ടതും നീ മാത്രമായിരുന്നു
കുറിമാനങ്ങളും പൂക്കളും കൈമാറുമ്പോള്‍ നീ
എന്റെ മാത്രമെന്ന ഹൃദയസ്‌പന്ദനമായിരുന്നു ഞാന്‍.
എന്നാല്‍ ക്രൂരതയുടെ മുള്ളുകള്‍ വിതറി
നീയെന്റെ സ്‌്‌്‌പന്ദനങ്ങളെ നിശ്ചലമാക്കി.
ബന്ധങ്ങളുടെ മൂല്യങ്ങളെക്കുറിച്ച്‌ നീ
വാചാലയാവുമ്പോള്‍ ഞാന്‍ ശ്രവിച്ചത്‌
നിന്റെ മനസ്സിലെ കപടതകള്‍ മാത്രമാണ്‌.
എന്നാല്‍ നിന്നെ വെറുക്കുക
എനിക്കസാധ്യമായിരുന്നു അതിനാല്‍ ഇന്നും
നീയെന്റെ സ്വപ്‌നങ്ങളില്‍ ബാക്കിയാവുന്നു.

നീ എന്റേതാണോ?

| | | 0 ഇതിനെ കുറിച്ചിങ്ങിനെ
കാറ്റ്‌ മന്ത്രിച്ചു നീ എന്റേതാണ്‌..
പൂമരം പക്ഷേ മറുപടി പറഞ്ഞതേയില്ല.
തന്റെ സൗന്ദര്യം നുകര്‍ന്ന്‌ സൊറ പറഞ്ഞിരിക്കുന്ന
കമിതാക്കളെ ശല്യപ്പെടുത്താതിരിക്കാനായിരുന്നുവോ
പൂമരത്തിന്റെ നിശബ്ദത ?

സുഹൃത്ത്‌

Wednesday, April 9, 2008

| | | 4 ഇതിനെ കുറിച്ചിങ്ങിനെ
സൗഹൃദങ്ങളുടെ പേരില്‍ കലഹം കൂട്ടാന്‍
ഇന്നാണെനിക്കു സമയം...ഫോണ്‍വിളികള്‍ക്കും
മൊഴികള്‍ക്കും കണ്ടുമുട്ടലുകള്‍ക്കും
താമസം നേരിടുമ്പോള്‍...കലഹിക്കാതെ
പിന്നെന്താണ്‌ ഞാന്‍ ചെയ്യുക.
എന്റെ മനസ്‌ ചലനങ്ങള്‍ നിരീക്ഷിച്ചു
പറയുമായിരുന്നു നീ ...എന്നാലിന്ന്‌
വിദൂരതകളില്‍ ഞാന്‍ മാത്രം...
എന്റെ മനസ്സില്‍ മാത്രം കൂടുകൂട്ടി
അക്ഷരങ്ങളും മൊഴികളും കണ്ടുമുട്ടലുകളും
ഓര്‍മകളില്‍ അവശേഷിപ്പിച്ചു നീ
അകന്നുകൊണ്ടേയിരിക്കുന്നു......
സ്വപ്‌നങ്ങളും ചിന്തയും നിന്നെക്കുറിച്ചു മാത്രം പറഞ്ഞാല്‍
എന്താണു ഞാന്‍ ചെയ്യേണ്ടത്‌ ?

നൊസ്റ്റാള്‍ജിയ

Monday, April 7, 2008

| | | 2 ഇതിനെ കുറിച്ചിങ്ങിനെ
ഹൃദയം മുറിച്ചെടുക്കുന്ന വേദന ഓരോ പിരിഞ്ഞുപോവലുകള്‍ക്കും പറയാനുണ്ടാവും...ക്ലാസ്‌മുറികള്‍, കലാലയമുറ്റം, കാംപസിലേക്കുള്ള നടപ്പാതകള്‍, തണല്‍വിരിച്ചും പൂക്കള്‍ വിതറിയും പുഞ്ചിരിക്കുന്ന വാകമരങ്ങള്‍...ചങ്ങാതിമാര്‍ സൊറപറയുന്ന, പ്രണയിനികള്‍ സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കുന്ന വഴിത്താരകളും തണല്‍മരച്ചുവടുകളും.....ക്ലാസ്‌ മുറികളിലും കാംപസ്‌ മതിലുകളിലും പച്ചിലയിലും ചോക്കിലും കോറിയിടുന്ന പേരുകളും `മഹത്‌ വാക്യ'ങ്ങളും...പടിയിറങ്ങിയാലും വരുംതലമുറയ്‌ക്കിടയില്‍ മങ്ങാത്ത ചരിത്രമായി നിലനില്‍ക്കണമെന്ന ഇത്തരം മോഹങ്ങള്‍ എന്നാല്‍ എപ്പോഴൊക്കെയോ മാറ്റങ്ങള്‍ക്ക്‌ വിധേയമാവുകയാണ്‌.കടന്നുപോയ സുദിനങ്ങളുടെ ഓര്‍മകള്‍ നൊമ്പരങ്ങളായി നെഞ്ചില്‍ കൂടുകൂട്ടുമ്പോള്‍ ആശ്വാസം പകരാന്‍ സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന ആഗ്രഹത്തെ മാറ്റിനിര്‍ത്താനാവാതെ.......നഷ്ടമായ പ്രണയത്തെകുറിച്ചും സ്വന്തമായ പ്രണയിനിയെ കുറിച്ചും ഓര്‍ക്കാതിരിക്കാന്‍ കഴിയാതെ ഓരോ ദിനങ്ങളും വിടപറയുമ്പോള്‍....ഒരു വട്ടംകൂടിയാ പഴയവിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം.....നൊസ്റ്റാള്‍ജിയാ അവസാനിക്കാതിരിക്കട്ടെ....ഞാനറിഞ്ഞ, എന്നെയറിഞ്ഞ പ്രിയ സുഹൃത്തുക്കളെ...തിരച്ചില്‍ തുടരുകയാണ്‌ ഞാന്‍....സൗഹൃദം മുറിച്ചെറിയാനുള്ളതല്ല..തുടര്‍ച്ചകള്‍ക്കു വേണ്ടിയുള്ള ബന്ധനമാണത്‌. നിങ്ങളുടെ ഓര്‍മകളില്‍ ഞാന്‍ ശേഷിക്കുന്നുവോ? ഉത്തരം പറയേണ്ടതു നിങ്ങളാണ്‌.....ആത്മബന്ധങ്ങളുടെ കഥ പറഞ്ഞുതന്ന സെന്റ്‌ സെബാസ്റ്റ്യന്‍സിലെ പ്ലസ്‌ടു ജീവിതം, സ്‌പന്ദനങ്ങള്‍ പോലും പങ്കുവച്ചിരുന്ന എന്റെ മാത്രം സുഹൃത്തുക്കള്‍, ബിരുദസമ്പാദനത്തിനു കളമൊരുങ്ങിയ വട്ടപ്പാറ എം.ഇ.എസ്‌, ബസ്സിറങ്ങി മുക്കാല്‍ കിലോമീറ്റര്‍ നടത്തത്തില്‍ വിശേഷങ്ങള്‍ പങ്കുവച്ച്‌....വൈകിവരുന്നതിന്റെയും നേരത്തേ പോവുന്നതിന്റെയും ന്യായീകരണങ്ങളില്‍ പൊട്ടിച്ചിരിച്ച്‌....അല്‍പ്പമൊക്കെ അന്തര്‍മുഖതയില്‍ ഞാന്‍ നിങ്ങളെ ബോറടിപ്പിച്ചിരുന്നു...എന്നാല്‍ അതിലധികം ഞാന്‍ നിങ്ങളെ സ്‌നേഹിച്ചിരുന്നു..ഇപ്പോഴും...